ഒരു വൈദികന്‍ തന്‍റെ ഇടവകയിലെ എല്ലാ ആളുകളുടേയും പിതാവാണ്. സാധാരണഗതിയില്‍ അംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ വൈദികര്‍ കൈകടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. പിതാവ് രാഷ്ട്രീയ പ്രവര്‍ത്തകനാകുമ്പോള്‍ അത് മക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്മേലുള്ള ഒരു കൈകടത്തലായി വ്യാഖ്യാനിക്കുവാന്‍ സാധിച്ചേക്കും. വൈദികര്‍ രാഷ്ട്രീയത്തില്‍ കൈകടത്തി ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിക്കുവേണ്ടി വോട്ട് ചെയ്യണമെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുന്നത് തീര്‍ച്ചയായും അനഭിലഷണീയം തന്നെ. എന്നാല്‍ ഒരു വൈദികനു രാഷ്ട്രീയ മണ്ഡലത്തില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയുന്നതിനും ധാര്‍മ്മിക മാനദണ്ഡം വെച്ചുകൊണ്ട് അവയെ വിലയിരുത്തുന്നതിനും ചുമതലയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിനെ വിലക്കുവാന്‍ സാദ്ധ്യമല്ലെങ്കിലും, ഒരു വൈദികനെന്ന നിലയില്‍ വിശ്വാസികളുടെമേല്‍ തനിക്കുള്ള സ്വാധീനശക്തി ഒരു പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കരുതെന്നു മാത്രം.
– പൗലോസ് മാര്‍ ഗ്രീഗോറിയോസ്