ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസിന്‍റെ അന്ത്യസന്ദേശം*

cropped-pmg3.jpg

അന്ത്യസന്ദേശം*

ആറു വര്‍ഷം മുമ്പ് ഷിംലയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ എന്‍റെ പഠനമുറിയില്‍ ഇരുന്നുകൊണ്ട് ഇതുപോലെ ഒരു വില്‍പ്പത്രം എഴുതിയപ്പോള്‍ വേറൊരു ആറു വര്‍ഷം കൂടി ജീവനോടിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ദൈവം നല്ലവനാണ്. അവന്‍ ആവശ്യപ്പെടുന്നിടത്തോളം കാലം ഈ കണ്ണീര്‍ത്താഴ്വരയില്‍ ഞാന്‍ ഇനിയും തുടര്‍ന്നു ജീവിച്ചേ മതിയാവൂ. ഇപ്പോള്‍ത്തന്നെയോ കുറേ കഴിഞ്ഞോ അവന്‍ വിളിക്കുന്ന സമയത്തു ഞാന്‍ പോകണം. ഇപ്പോള്‍ എനിക്ക് എഴുപത്തൊന്നു വയസ്സുണ്ട്.

വിനീതമായ ഈ സാക്ഷ്യം ഏതെങ്കിലും വിധത്തില്‍, ലോകത്തില്‍ എവിടെയെങ്കിലും വച്ചു ഇതു കാണുവാന്‍ ഇടയാകുന്നവര്‍ക്കു ഞാന്‍ സമര്‍പ്പിക്കുന്നു.

ദൈവം നന്മയാണ്. അവന്‍ മാത്രമാണു യഥാര്‍ത്ഥമായും പൂര്‍ണമായും നന്മ. തിന്മയുടെ സങ്കലനം കൂടാതെ നന്മയാണവന്‍. അവനില്‍ സകല തിന്മയും അന്തര്‍ദ്ധാനം ചെയ്യുന്നു. അവനില്‍ തിന്മയ്ക്കു യാതൊരു സ്ഥാനവുമില്ല – പ്രകാശത്തില്‍ ഇരുട്ടിനു യാതൊരു സ്ഥാനവുമില്ലാത്തതുപോലെതന്നെ. തിന്മ ചെയ്യാന്‍ അവനു കഴിയുകയില്ല. തിന്മ അവനില്‍ നിന്നു വരുന്നില്ല. അവന്‍ അതിനെ സൃഷ്ടിച്ചില്ല. അവന്‍ തന്‍റെ സൃഷ്ടിക്കു സ്വാതന്ത്ര്യം നല്കി; ഒന്നിച്ചുതന്നെ സൃഷ്ടിക്കപ്പെട്ട നന്മയെ നിരാകരിക്കാനുളള സ്വാതന്ത്ര്യം, അതുവഴി തിന്മയെ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യവും. സൃഷ്ടിക്കപ്പെട്ട ഉണ്മയുടെതന്നെ നിഷേധമാണ് തിന്മ. നന്മയെ കൂടാതെ അതിനു തനിയെ നിലനില്പില്ല. സ്വാതന്ത്ര്യത്തിലാണ് തിന്മയുടെ വേര്. പക്ഷേ തിന്മയ്ക്കു തനിയേ നിലനില്ക്കാന്‍ കഴിവില്ല. നന്മയോടുളള സമ്മിശ്രണത്തിലല്ലാതെ തിന്മയ്ക്കു നിലനില്പില്ല. നന്മയ്ക്കു മാത്രമേ സ്ഥിരമായ നിലനില്പുള്ളു. ഉണ്മയും നന്മയും വേര്‍തിരിക്കാനാവില്ല. ഏതെങ്കിലും വ്യക്തിത്വം നന്മയെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം ഉണ്മയെത്തന്നെ നിഷേധിക്കലാണ് അത്. കാരണം, സൃഷ്ടിക്കപ്പെട്ട യഥാര്‍ത്ഥ വ്യക്തി, അതിന്‍റെ സ്രഷ്ടാവിനെപ്പോലെ, നന്മയാണ്.

“ഈ ദൈവം ആരാണ്, അവനെ എവിടെ കണ്ടെത്താം” എന്നു ചോദിച്ചാല്‍, ദൈവത്തെ അറിയാനിടവന്നിട്ടുള്ള മറ്റു മനുഷ്യരെപ്പോലെ എനിക്കും ഇത്രമാത്രമേ പറയാനാവൂ: “നമ്മുടെ ധാരണകളിലൂടെ അവനെ മനസ്സിലാക്കാനോ നമ്മുടെ പദങ്ങള്‍കൊണ്ട് അവനെ നിര്‍വ്വചിക്കാനോ ഒരു മാര്‍ഗവുമില്ല”. നിഷേധാത്മകമായോ രൂപകാലങ്കാര ഭാഷയിലോ അനേകം കാര്യങ്ങള്‍ അവനെപ്പറ്റി പറയാന്‍ നമുക്കു കഴിഞ്ഞേക്കും. അവനു രൂപമില്ല, ശരീരവുമില്ല. അവന് ആദിയും അന്തവുമില്ല. അവനു പരിമിതിയില്ല, വിപുലീകരണവുമില്ല – ശൂന്യാകാശത്തിലുമില്ല, കാലത്തിലുമില്ല. അവന്‍ അല്ലാത്ത ഏതിലേക്കോ വളരുകയോ, അല്ലാത്ത എന്തോ ആയിത്തീരുകയോ ആവശ്യമില്ല. അക്കാരണത്താല്‍ അവനു മാറ്റമോ ചലനമോ ഇല്ല. മറ്റെന്തിനെയെങ്കിലും ആശ്രയിക്കുന്നില്ല. മറ്റെന്തില്‍ നിന്നെങ്കിലും ഉദ്ഭവിക്കുന്നതുമല്ല. മറ്റുള്ളതെല്ലാം അവനില്‍ നിന്ന് ഉദ്ഭവിക്കുന്നു. അവനെ ആശ്രയിച്ചു കഴിയുന്നു. ആര്, എവിടെ എന്നീ ചോദ്യങ്ങള്‍ അനശ്വരനും അനാദ്യന്തനും അപരിമേയനുമായവന്‍റെ കാര്യത്തില്‍ ഔചിത്യപൂര്‍വമല്ല. അവന്‍ സന്നിഹിതനല്ലാത്ത സ്ഥലം ശൂന്യമായിരിക്കും.

ദൈവത്തെ സൂചിപ്പിക്കാന്‍ പുല്ലിംഗ സര്‍വനാമം ഉപയോഗിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനല്ല. ദൈവം പുരുഷനല്ല. എന്നാല്‍ സ്ത്രീലിംഗ സര്‍വനാമം ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നം പരിഹൃതമാകുന്നില്ല. കാരണം, അവന്‍ പുരുഷനുമല്ല, സ്ത്രീയുമല്ല. നപുംസകവുമല്ല. സ്രഷ്ടാവിന് ലിംഗഭേദമില്ല. ലിംഗഭേദം സൃഷ്ടിയുടെ മാത്രം ലക്ഷണമാണ്. അവന്‍, അവന്‍ ആയിരിക്കുന്നവനാണ്. എക്കാലത്തും ആയിരിക്കുന്നവനാണ്. മഹാനായ ദൈവം, എന്‍റെ മനുഷ്യഭാഷ അവനെ പരാമര്‍ശിക്കാന്‍ സമുചിതമായ ഒരു സര്‍വനാമം എനിക്കു നല്കുന്നില്ല. “അവന്‍” എന്ന പദം ഞാന്‍ തുടര്‍ന്ന് ഉപയോഗിച്ചുകൊണ്ടിരിക്കും. അവന്‍ പുരുഷനാണെന്ന് അതിനര്‍ത്ഥമില്ല.

എല്ലാ നന്മയും അവനില്‍ നിന്നു വരുന്നു. നന്മയായതെല്ലാം അവനില്‍ നിന്നു മാത്രമല്ല, അവന്‍റെ സാന്നിധ്യത്തില്‍നിന്നു കൂടി വരുന്നു. എവിടെ നന്മയുണ്ടോ അവിടെ ദൈവസാന്നിദ്ധ്യവുമുണ്ട്. നന്മയെ വ്യത്യസ്ത വിശ്വാസങ്ങളിലും മതങ്ങളിലുംപ്പെട്ട ജനങ്ങളിലും, ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് അവകാശവാദം ഉന്നയിക്കുന്നവരിലും, പക്ഷികളിലും, മൃഗങ്ങളിലും, വൃക്ഷങ്ങളിലും പൂക്കളിലും, പര്‍വതങ്ങളിലും, നദികളിലും, വായുവിലും ആകാശത്തിലും, സൂര്യനിലും ചന്ദ്രനിലും, ശില്പങ്ങളിലും ചിത്രരചനയിലും, സംഗീതത്തിലും കലയിലും, ശിശുവിന്‍റെ പുഞ്ചിരിയിലും ജ്ഞാനിയുടെ ബുദ്ധിയിലും, പ്രഭാതത്തിന്‍റെ അരുണിമയിലും സൂര്യാസ്തമയത്തിന്‍റെ വര്‍ണ്ണശബളിമയിലും, എവിടെ കാണപ്പെട്ടാലും ഞാന്‍ പ്രണമിക്കുന്നു. നന്മ എവിടെയോ അവിടെയാണു ദൈവരാജ്യം. അവിടെ ദൈവം സന്നിഹിതനായിരിക്കുന്നു. അവന്‍റെ സാന്നിധ്യത്തെ അംഗീകരിക്കാത്തിടത്തും അവന്‍ ഭരണകര്‍തൃത്വം നടത്തുന്നു. ഒരു പ്രത്യേക അര്‍ത്ഥത്തില്‍ അവനെ അറിയുകയും ആരാധിക്കുകയും ജീവിതം പരിപൂര്‍ണമായ അനുസരണത്തിന് സമര്‍പ്പിക്കുകയും ചെയ്തവരുടേതാണ് ദൈവരാജ്യം എന്ന വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല.

നന്മ എങ്ങനെ നിര്‍വചിക്കാമെന്നു ചോദിച്ചാല്‍, നന്മ ദൈവത്തെപ്പോലെ അനിര്‍വചനീയമാണെന്നേ പറഞ്ഞുകൂടൂ. ദൈവത്തെപ്പോലെ തന്നെ നന്മയെയും വിവേചിച്ചറിയാം, തിരിച്ചറിഞ്ഞ് അംഗീകരിക്കാം, പ്രകീര്‍ത്തിക്കാം, പാടിപ്പുകഴ്ത്താം, വിലപ്പെട്ടതായി കാത്തുപുലര്‍ത്താം. നന്മ എന്തായിരിക്കുന്നുവോ അതാണ് ദൈവം.

ദൈവം എനിക്കു നന്മ ചെയ്തു. ഒന്നുമില്ലായ്മയില്‍ നിന്നു ദൈവം എന്നെ പുറപ്പെടുവിച്ചു. ഞാന്‍ പുറത്തു വന്ന ശൂന്യതയിലേക്കു എന്നെ മടക്കി അയയ്ക്കാതെ ദൈവം എന്നെ കാത്തുപരിപാലിക്കുന്നു. അവന്‍ എന്‍റെ പാപവും തിന്മയും എന്നോടു ക്ഷമിക്കുന്നു. എന്നിലുളള തിന്മ മരണവിധിക്ക് എന്നെ ശിക്ഷിക്കാന്‍ അര്‍ഹമാണ്. പക്ഷേ അവന്‍ സൗജന്യമായ സ്വന്തം കൃപയാല്‍ ആ ശിക്ഷാവിധി റദ്ദാക്കുന്നു. ഇന്നു നയിക്കുന്ന ജീവിതം ഒരു ഇരട്ട പാരിതോഷികമായി ഞാന്‍ കണക്കാക്കുന്നു – നിലനില്പു സാധ്യമാക്കിയെന്ന പാരിതോഷികം ഒന്നാമത്തേത്. എന്നെ ഒരു ദൈവശിശുവാക്കിത്തീര്‍ക്കുന്ന നവജീവന്‍റെ പാരിതോഷികം രണ്ടാമത്തേത്. അവന്‍ സ്വന്തം പുത്രനില്‍ നമ്മുടെ അടുക്കലേക്കു വന്നു. നമ്മില്‍ ഒരുവനായിത്തീര്‍ന്നു. ഭൂമിയുടെയും മാംസരക്തങ്ങളുടെയും ദ്രവ്യത്തിന്‍റെ എല്ലാവിധ താല്‍ക്കാലികത്വത്തിലും വ്യക്തിപരിമിതികളിലും സൃഷ്ടിവ്യവസ്ഥിതിയില്‍ ഒരു മനുഷ്യവ്യക്തിയായീത്തീര്‍ന്നു. അതിനെപ്പറ്റി എനിക്കൊരു സംശയവുമില്ല – ഞാന്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആനേകം പേര്‍ എന്‍റെ ഈ വിശ്വാസത്തെ നിരാകരിക്കുന്നുണ്ടെന്നു വരുകിലും. ദൈവത്തിന്‍റെ മനുഷ്യാവതാരം ചെയ്ത പുത്രനായ യേശുക്രിസ്തുവിന് അവകാശപ്പെട്ടവനാണു ഞാന്‍. ആ നിലയ്ക്ക് യാതൊരു ഉപാധികളും ഉന്നയിക്കാതെ അവന്‍റെ പുതിയ മനുഷ്യരാശിയില്‍ ഒരംഗമാണു ഞാന്‍. മറ്റു വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന വ്യക്തികളുമായി നല്ല ബന്ധങ്ങള്‍ പുലര്‍ത്തുന്നതിനുവേണ്ടിപോലും ആ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ എനിക്കു നിവൃത്തിയില്ല.

അവനില്‍ ഞാന്‍ എന്‍റെ വിശ്വാസം അര്‍പ്പിക്കുന്നു. എന്‍റെ സര്‍വ്വസ്വവും ക്രിസ്തുവാണ്. അവനെ കൂടാതെ ഞാന്‍ ഒന്നുമില്ലാത്തവന്‍. ഞാന്‍ നയിക്കുന്ന ജീവിതം ക്രിസ്തുവിന്‍റേതാണ്. ആ ജീവിതം ഞാന്‍ ക്രിസ്തു ശരീരത്തിലുളള സകലമാനപേരുമായും പങ്കുവയ്ക്കുന്നു. എനിക്കു സ്വന്തമായി ഒരു ജീവിതമില്ല. ഞാന്‍ അവനില്‍ ജീവിക്കുന്നു. അവന്‍ എന്നിലും. ക്രിസ്തു ഒരിക്കലും എന്നെ ഉപേക്ഷിക്കുന്നില്ല – ഞാന്‍ മത്സരബുദ്ധിയും ഉദാസീനനും അനുസരണക്കാര്യത്തില്‍ ആലോചനാശൂന്യനുമായിരിക്കുമ്പോള്‍ പോലും, എന്‍റെ വിശ്വസ്തത ദുര്‍ബലമായിത്തീരുമ്പോഴും എന്‍റെ വികാര തൈക്ഷ്ണ്യം മന്ദോഷ്ണമാകുമ്പോഴും അവന്‍റെ സ്നേഹം ദൃഢമായിത്തന്നെ നില്ക്കുന്നു. നിര്‍ലോപമായി, പരിമിതികൂടാതെ അവന്‍ നല്കുകയും ക്ഷമിക്കുകയും ചെയ്യുന്നു. ഇത്ര ഉദാത്തമായ സ്നേഹം എന്‍റെ സര്‍വ്വസ്വവും അര്‍ഹിക്കുന്നു. അവനു ഞാന്‍ അര്‍ച്ചന അര്‍പ്പിക്കുന്നു. ദൈവവും മനുഷ്യനുമായി അവനെ ഞാന്‍ ആരാധിക്കുന്നു. തുല്യനായി മറ്റൊരാള്‍ ഇല്ലാത്ത നിലയില്‍, ദൈവത്തിന്‍റെ ഏകജാതനായി, പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊന്നിച്ച് ഏകസത്യദൈവമായി അവന്‍ എന്‍റെ ആരാധ്യമൂര്‍ത്തിയാണ്.

ക്രിസ്തുവിന്‍റെ സ്നേഹം ക്രിസ്ത്യാനികള്‍ക്കു മാത്രമുളളതല്ല. മനുഷ്യരാശിക്കു മുഴുവന്‍ അവകാശപ്പെട്ടതാണ്. മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയാണ് അവന്‍ മരിച്ചത്. ക്രിസ്ത്യാനികള്‍ക്കു മാത്രം വേണ്ടിയല്ല. അവന്‍ സമസ്ത മനുഷ്യവര്‍ഗത്തിന്‍റെയും സ്നേഹിതനും രക്ഷിതാവും കര്‍ത്താവുമാണ്. അങ്ങനെയെങ്കില്‍ എന്‍റെ സ്നേഹത്തിനും സഹാനുഭൂതിക്കും എങ്ങനെ ഞാന്‍ പരിമിതി കല്പിക്കും? മനുഷ്യരാശിയുടെ ഏതെങ്കിലും ഭാഗത്തിന് ആ സ്നേഹ സഹാനുഭൂതികള്‍ ഞാന്‍ എങ്ങനെ നിഷേധിക്കും? എന്‍റെ ശത്രുക്കളായി സ്വയം പരിഗണിക്കുന്നവരെപ്പോലും ദ്വേഷിക്കുവാനോ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നോ സഹാനുഭൂതിയില്‍ നിന്നോ ഒഴിച്ചുനിര്‍ത്തുവാനോ എനിക്കു സാധ്യമല്ല. ഇങ്ങനെയുളള ജനവിഭാഗങ്ങള്‍, മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍, കമ്മ്യൂണിസ്റ്റുകള്‍, മൂണിവിശ്വാസികള്‍, പ്രത്യേകിച്ച് വെള്ളക്കാരുടെ വര്‍ഗങ്ങള്‍ (ന്യായമായിത്തന്നെ അവരെപ്പറ്റി ആയിരം പരാതികള്‍ നിരത്താന്‍ എനിക്കു കഴിയും) ഇവരോടെല്ലാമുളള എന്‍റെ സമീപനത്തിന്‍റെ അടിസ്ഥാനം മുകളില്‍ പറഞ്ഞതു തന്നെ.

ഗൗതമബുദ്ധന്‍, വര്‍ദ്ധമാന മഹാവീരന്‍, ലാവോറ്റ്സെ, മഹാത്മാഗാന്ധി, മുഹമ്മദ് റസൂല്‍ അള്ള, ആദിശങ്കരന്‍, പ്ലേറ്റോ, സോക്രട്ടീസ്, മോശ, സൊറോവാസ്റ്റര്‍ എന്നീ ലോകോത്തര ഗുരുക്കന്മാരേക്കാളെല്ലാം ഉയര്‍ന്ന ഒരു വ്യക്തിയാണ് എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്തു. യേശുക്രിസ്തു ദൈവത്തിന്‍റെ നിസ്തുലനായ പുത്രനാണ്. അവന്‍ മനുഷ്യപുത്രനായി അവതരിച്ചു. നമ്മുടെ പാപത്തെയും കഷ്ടാനുഭവത്തെയും സ്വന്തം ചുമലില്‍ പേറി, ക്രൂശിന്മേല്‍ സ്വയം ബലിയായി അര്‍പ്പിച്ചു; മരിച്ചു, എന്നേക്കും ജീവിക്കുന്നതിനും സമസ്ത സൃഷ്ടിയെയും ദൈവത്തോടു രഞ്ജിപ്പിക്കുന്നതിനും വേണ്ടി മരിച്ചവരില്‍ നിന്ന് ഉയിര്‍ക്കുകയും ചെയ്തു. പാപത്തിന്‍റെയും മരണത്തിന്‍റെയും മേലും തിന്മയുടെയും ശിഥിലീകരണത്തിന്‍റെയും മേലും ജേതാവാണവന്‍. അവനില്‍ എല്ലാം ഒന്നിച്ചു ചേര്‍ന്നു നില്‍ക്കുന്നു. എല്ലാ തിന്മകളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ട സമസ്ത സൃഷ്ടിയും അവനില്‍ സമ്യക്കായി സമ്മേളിച്ച് സമഞ്ജസമായി പൊരുത്തപ്പെട്ടു പോകും. ഇതെന്‍റെ വിശ്വാസമാണ്. എന്‍റെ വിശ്വാസം ഒളിച്ചു വയ്ക്കാന്‍ കാരണമൊന്നുമില്ല. ഏതു സമയത്തും ഞാന്‍ അതിനെപ്പറ്റി സംസാരിക്കുന്നുണ്ടാവില്ലെന്നതു വാസ്തവം. ഈ വിശ്വാസത്തിലാണു ഞാന്‍ ജീവിക്കുന്നത്. ഇതാണ് എന്‍റെ പ്രവൃത്തികളുടെ മൂലാധാരം. ഇതാണ് നിരാശയില്‍ നിന്നും കഠിന വിഷാദത്തില്‍ നിന്നും എന്നെ കാത്തു സൂക്ഷിക്കുന്ന പ്രത്യാശ. ദൈവത്തിന്‍റെ ലോകത്തില്‍ സകലതും നിരാനന്ദവും മ്ലാനവുമായി പ്രത്യക്ഷപ്പെടുമ്പോള്‍പോലും ഈ പ്രത്യാശ എന്നെ നിലനിര്‍ത്തുന്നു.

ക്രാങ്കെന്‍ഹനസ് സെന്‍റ് ജോസഫ്, വുപ്പര്‍ത്താല്‍, ജര്‍മ്മനി,
ജൂണ്‍ 5, 1993

ജര്‍മ്മനിയില്‍ കോളോണ്‍ നഗരത്തിനു സമീപമുളള വുപ്പര്‍ത്താല്‍- എല്‍ബര്‍ഫെല്‍ഡ് എന്ന പട്ടണത്തില്‍ സെന്‍റ് ജോസഫ് ആശുപത്രിയിലെ 341-ാം നമ്പര്‍ മുറിയില്‍ വച്ചാണ് ഞാന്‍ ഇത് എഴുതുന്നത്. തീയതി 1993 ജൂണ്‍ മാസം അഞ്ചാം തീയതി. എനിക്കു വേറൊരു പരീക്ഷണം കഴിഞ്ഞതേയുളളു. എന്‍റെ ഇടതുവശത്തിനു തളര്‍വാതം ബാധിച്ച സ്ഥിതിയിലാണു ഞാന്‍ ഈ വില്‍പ്പത്രം തയ്യാറാക്കുന്നത്. കൃത്യം ഒരാഴ്ച മുമ്പ് – മേയ് മാസം 29-ാം തീയതി – ഞാന്‍ ഓക്സ്ഫഡില്‍ നിന്നു കൊളോണിലേക്കു യാത്ര ചെയ്യുന്ന വേളയിലാണ് ഈ രോഗം ബാധിച്ചത്. കൊളോണ്‍ വിമാനത്താവളത്തില്‍ നിന്ന് എന്നെ നേരിട്ട് ഈ ആശുപത്രിയിലേക്കു കൊണ്ടുവരുകയായിരുന്നു. ഇന്ന് എനിക്ക് ഒരു കൈകൊണ്ടു ടൈപ്പു ചെയ്യാന്‍ കഴിയും. ദൈവം നന്മ ചെയ്തു. അത്ഭുതകരമായ രീതിയില്‍ എന്നെ സുഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. അവന് മനസ്സുണ്ടെങ്കില്‍ ഒറ്റയടിക്ക് എന്നെ സൗഖ്യമാക്കുവാന്‍ കഴിയുമായിരുന്നു. അങ്ങനെ പെട്ടെന്നുളള രോഗസൗഖ്യത്തിന് വേണ്ടവിധം എന്‍റെ വിശ്വാസം സുശക്തമല്ലെന്ന് അവന്‍ എന്നോടു പറഞ്ഞു. എങ്കിലും രോഗസൗഖ്യം അത്ഭുതകരമാംവിധം വേഗത്തിലാണ് നടക്കുന്നത്.

ഈ പരീക്ഷ ദീര്‍ഘകാലം നീണ്ടുനില്ക്കുമായിരിക്കാം. ഈ പരീക്ഷാ വേളയില്‍ ചില കാര്യങ്ങള്‍ വീണ്ടും വളരെ സജീവമായും വ്യക്തമായും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. സാധാരണജീവിതത്തില്‍ നമുക്കുള്ള പിടിമുറുക്കം എത്രയോ ക്ഷണഭംഗുരമാണെന്നതാണ് അതിലൊന്ന്. ദൈവം തന്‍റെ മഹാകൃപയാല്‍ നമ്മില്‍ നിക്ഷേപിക്കുന്ന പുതുജീവന്‍റെ അടിസ്ഥാനം എത്രയോ അചഞ്ചലമാണെന്നതാണ് മറ്റൊന്ന്. മരണം ഭയഹേതുകമല്ല. നിത്യരോഗിയായി തീര്‍ന്നേക്കാമെന്ന സാധ്യത (അതായത്, മനുഷ്യശരീരത്തില്‍ ഈ ജീവന്‍ അവസാനിക്കുവോളം) എന്നില്‍ ഉഗ്രഭയം ജനിപ്പിക്കുകയോ ഉള്‍ക്കിടിലം ഉണ്ടാക്കുകയോ ചെയ്യുന്നില്ല – അതാണ് ദൈവഹിതമെന്നു വരുകില്‍. എന്തുതന്നെ സംഭവിച്ചാലും അത് നന്മയ്ക്കായി രൂപാന്തരപ്പെടുത്താന്‍ ദൈവത്തിനു കഴിയും.

എന്നെ അതിജീവിക്കുന്ന എല്ലാവര്‍ക്കുമായി ഞാന്‍ ഈ സന്ദേശം നല്കുന്നു. നിങ്ങളുടെ പൂര്‍ണമനസ്സുകൊണ്ടും പൂര്‍ണമായ ഇച്ഛാശക്തികൊണ്ടും നിങ്ങളുടെ സമസ്ത വികാരങ്ങള്‍കൊണ്ടും നിങ്ങളുടെ മുഴുവന്‍ ശക്തികൊണ്ടും ദൈവത്തെ സ്നേഹിക്കുക. പരനന്മ ലക്ഷ്യമാക്കി ജീവിക്കുക. നശ്വരമായ സ്വര്‍ണമോ ലൗകികമായ മഹത്വമോ തേടിപ്പോകരുത്. ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്. നിങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സ്തുതിക്കുക. അവന്‍റെ എല്ലാ സൃഷ്ടികളെയും അനുഗ്രഹിക്കുക. ദൈവത്തെ സ്നേഹിക്കാനും അവന്‍റെ സൃഷ്ടിയെ സ്നേഹിക്കാനും സ്വന്തം താല്പര്യങ്ങള്‍ അന്വേഷിക്കാതെ മറ്റുള്ളവരെ സേവിക്കാനും ചെറുപ്പമായിരിക്കുമ്പോള്‍തന്നെ നിങ്ങള്‍ അച്ചടക്കത്തിലൂടെ പരിശീലിക്കുക. ദൈവരാജ്യം വരണമെന്നും സൃഷ്ടിക്കപ്പെട്ട ഈ വ്യവസ്ഥിതിയില്‍ നിന്ന് എല്ലാ തിന്മയും ബഹിഷ്ക്കരിക്കപ്പെടണമെന്നും സദാ പ്രാര്‍ത്ഥിക്കുക.

* മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ വില്‍പ്പത്രത്തിന്‍റെ ആദ്യഭാഗമായ അന്ത്യശാസനം.

The Last Will / Paulos Gregorios