സഭ ദൈവത്തിന്‍റെ പ്രത്യക്ഷ രൂപമായിത്തീരണം / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

1994 നവംബര്‍ 2-ന് പരുമല പെരുന്നാളില്‍ വി. കുര്‍ബ്ബാനമദ്ധ്യേ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് നടത്തിയ പ്രസംഗം.

Speech by Dr. Paulos Gregorios at Parumala Perunnal 1994

സഭ ദൈവത്തിന്‍റെ പ്രത്യക്ഷ രൂപമായിത്തീരണം

പരുമല തിരുമേനിയേപ്പോലെ ഒരു പരിശുദ്ധനെ സൃഷ്ടിക്കുവാന്‍ (കേരളത്തിലെ) മറ്റു സഭകള്‍ക്ക് സാധിച്ചിട്ടില്ല എന്നുള്ളത് നമ്മുടെ സഭയുടെ വിശ്വാസം ഉറയ്ക്കുവാന്‍ വളരെയധികം കാരണമായിട്ടുണ്ട്. “ഒരു പരിശുദ്ധനോടുള്ള മദ്ധ്യസ്ഥത എന്തിനാണ്? പരിശുദ്ധനെ എന്തിന് ബഹുമാനിക്കണം? നേരിട്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ പോരെ?” എന്നു ചോദിക്കുന്ന ആളുകള്‍ നമ്മുടെ ഇടയിലും നമ്മുടെ സഭയ്ക്ക് പുറത്ത് നവീകരണ സഭകളിലുമൊക്കെ ഉണ്ട്. മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഒന്നും ആവശ്യമില്ല, ഇതൊക്കെ മൂഢവിശ്വാസമാണ് എന്നാണ് അവര്‍ പറയുന്നത്.

എന്‍റെ വാത്സല്യമുള്ളവരേ, നാം ഒരു പരിശുദ്ധനെ ബഹുമാനിക്കുമ്പോള്‍ ആ വ്യക്തിയെ ബഹുമാനിക്കുക എന്നുള്ളതില്‍ കൂടുതലായി ആ പരിശുദ്ധനില്‍ തെളിഞ്ഞുകാണുന്ന ദൈവസ്വരൂപത്തെയാണ് ബഹുമാനിക്കുന്നത്. ഒരു പരിശുദ്ധനെ ബഹുമാനിക്കുമ്പോള്‍ ആ ബഹുമതി ദൈവത്തിങ്കലാണ് ചെന്നു ചേരുന്നത്. “എന്നില്‍ യാതൊന്നുമില്ല. എന്നില്‍ എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അത് ദൈവം എനിക്ക് നല്‍കുന്നത് മാത്രമേയുള്ളു. ദൈവസ്വരൂപത്തോട് ഞാന്‍ എത്രയും കൂടുതല്‍ അടുത്തു വരുന്നുവോ അത്രയും മാത്രമേ എനിക്ക് വിശുദ്ധിയുള്ളു” എന്നുള്ളത് എല്ലാ പരിശുദ്ധന്മാരും സമ്മതിക്കുന്നതാണ്.

അതുകൊണ്ട് ഒരു പരിശുദ്ധനെ നാം ബഹുമാനിക്കുമ്പോള്‍ ദൈവത്തെ തന്നെയാണ് ബഹുമാനിക്കുന്നത്. ദൈവത്തിന്‍റെ അദൃശ്യമായ രൂപം കര്‍ത്താവായ യേശുമശിഹായില്‍ പൂര്‍ണ്ണമായി കാണപ്പെട്ടതുപോലെ, തന്‍റെ പരിശുദ്ധന്മാരിലും അതേ ദിവ്യരൂപമാണ് കാണപ്പെടുന്നത്. നാം പരുമല തിരുമേനിയെ ബഹുമാനിക്കുമ്പോള്‍ യഥാര്‍ത്ഥമായി ഈ പിതാവില്‍ പ്രത്യക്ഷമായി കാണപ്പെട്ട ദൈവസ്വരൂപത്തെയാണ് ബഹുമാനിക്കുന്നത്. നമ്മുടെ സ്തുതികളും സ്തോത്രങ്ങളും പ്രാര്‍ത്ഥനകളുമെല്ലാം പിതാവാംദൈവത്തിന്‍റെയടുക്കല്‍, പുത്രന്‍തമ്പുരാന്‍റെയടുക്കല്‍, പരിശുദ്ധ റൂഹായുടെ അടുക്കല്‍ ചെന്നുചേരുവാനുള്ളതാണ്. അതുകൊണ്ട് ഒരു മനുഷ്യനെ ദൈവമാക്കുകയല്ല, ദൈവം മനുഷ്യനില്‍ കൂടി കാണപ്പെട്ടു എന്നുള്ളതിനെ വിശ്വസിക്കുകയാണ് ചെയ്യുന്നത്. പ. പരുമല തിരുമേനി കാലം ചെയ്ത ഈ കബറില്‍ അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം പ്രത്യേകമായി ഉള്ളതുകൊണ്ട് ദൈവസാന്നിദ്ധ്യവും പ്രത്യേകമായിട്ട് ഉണ്ട് എന്നു നാം വിശ്വസിക്കുന്നത് അതുകൊണ്ടാണ്.

ഒരു സ്ഥലത്തിന് വിശുദ്ധിയൊന്നും ഇല്ല എന്നാണ് നവീകരണ സഭക്കാര്‍ പറയുന്നത്. സ്ഥലത്തിനും സമയത്തിനും പ്രത്യേക വിശുദ്ധിയൊന്നും ഇല്ല എന്നവര്‍ പറയുന്നു. എന്നാല്‍ നമുക്ക് അങ്ങനെയല്ല. സ്ഥലങ്ങള്‍ വിശുദ്ധമാണ് എന്നു നാം കരുതുന്നു. പരിശുദ്ധനായ ഒരു തിരുമേനിയുടെ ശരീരം വിശുദ്ധമാണ്. ആ ശരീരത്തിന്‍റെ തിരുശേഷിപ്പുകള്‍ ഇരിക്കുന്ന സ്ഥലവും വിശുദ്ധമാണ്. അതുകൊണ്ട് സ്ഥലത്തിന് വിശുദ്ധിയുണ്ട് എന്നു തന്നെയാണ് നാം വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്.

കാലത്തിനും വിശുദ്ധിയുണ്ട്. കര്‍ത്താവായ യേശുമശിഹായും അപ്പോസ്തോലന്മാരും ജീവിച്ചിരുന്ന കാലം, മറ്റ് എല്ലാ കാലങ്ങളേക്കാള്‍ വിശുദ്ധമാണ് എന്നു തന്നെ വിശ്വസിക്കുന്നവരാണ് നാം. അതുകൊണ്ട് ഈ സ്ഥലകാലങ്ങളില്‍ കൂടി പ്രത്യക്ഷനാകുന്ന ദൈവത്തിന്‍റെ സാമീപ്യത്തെയാണ് നാം പ്രത്യേകമായി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് എന്നുള്ള കാര്യം നിങ്ങളെ സ്നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു.
പരിശുദ്ധനായ പരുമല തിരുമേനിയെ നാം ബഹുമാനിക്കുന്നതിന്‍റെ പിറകില്‍ മറ്റൊരു കാര്യമുണ്ട്. ഇന്നത്തെ കാലത്ത് സാത്താന്‍ എന്നു പറഞ്ഞാല്‍ ആളുകള്‍ക്ക് വലിയ വിശ്വാസമൊന്നുമില്ല. അങ്ങനെ ഒരാള്‍ ഉണ്ടോ? അതോ വെറും മൂഢവിശ്വാസമാണോ എന്നൊക്കെയാണ് ഇന്നത്തെ പരിഷ്കാരത്തില്‍ പലരും ചോദിക്കുന്നത്. “ഉണ്ടായിരുന്നവനും ഇല്ലാത്തവനും ഇല്ലാതാകുവാന്‍ ഉള്ളവനും” എന്നാണ് വി. വേദപുസ്തകത്തിലെ വെളിപ്പാട് പുസ്തകത്തില്‍ സാത്താന്‍റെ നിര്‍വ്വചനം. സാത്താനും ഒരു സൃഷ്ടിയാണ്. പക്ഷേ അവന്‍ തന്‍റെ തിന്മ മൂലം ദൈവത്തിന് എതിരായി തീര്‍ന്നതുകൊണ്ട് അവന് അസ്തിത്വം തന്നെ ഇല്ലാതായിത്തീര്‍ന്നിരിക്കുന്നു. എങ്കിലും ചരിത്രമുള്ളിടത്തോളം കാലം നമ്മെ പരിശോധിക്കുവാനുള്ള ഒരു ഉപകരണമായി ഇല്ലാത്തവനായ സാത്താനെ ദൈവം അഴിച്ചുവിട്ടിരിക്കുകയാണ്.

എന്‍റെ വാത്സല്യമുള്ളവരേ, ഇന്നും ഉണ്ട് ഈ സാത്താന്‍. ഈ സാത്താനെ വേറൊരുവിധത്തില്‍ നമുക്ക് കാണാം. നാമെല്ലാവരും കൂടി ചെയ്യുന്ന തിന്മകളുടെ മുഴുവന്‍ സമാഹാരമാണ് സാത്താന്‍. മനുഷ്യരാശിയില്‍ അക്രൈസ്തവരും ക്രൈസ്തവരും ചെയ്യുന്ന അനേകായിരം തിന്മകള്‍ ഉണ്ട്. ആദാമും ഹവ്വായും പാപത്തില്‍ വീണു പോയതു മുതല്‍ ഇന്നു വരെ നാം ചെയ്തുപോയിട്ടുള്ള എല്ലാ തിന്മകളുടെയും കൂടെ ഒരു സംയുക്തരൂപം പ്രാപിക്കുന്നതാണ് സാത്താന്‍ എന്നു ഞാന്‍ പറയും. അങ്ങനെയാണെങ്കില്‍ കൂടുതല്‍ തിന്മ ഞാന്‍ ചെയ്യുമ്പോള്‍ സാത്താന് കൂടുതല്‍ ശക്തി കിട്ടുന്നു. ഇന്നത്തെ പ്രശ്നമതാണ്. മനുഷ്യര്‍ പൊതുവെ നന്മയില്‍ നിന്ന് വേര്‍പെട്ടിട്ട് സ്വന്തകാര്യത്തിനുവേണ്ടി അനേക തിന്മകള്‍ ചെയ്യുന്നു. അത്തരമൊരു സമൂഹമാണ് ഇന്നുള്ളത്. അങ്ങനെ കൂടുതല്‍ തിന്മകള്‍ നാം ചെയ്യുമ്പോള്‍ സാത്താന് കൂടുതല്‍ ശക്തി കിട്ടുന്നു. ഇക്കഴിഞ്ഞ പത്തുമുപ്പതു വര്‍ഷങ്ങളായിട്ട് സാത്താന്‍റെ കയര്‍ കുറച്ചുകൂടെ അയച്ചുകൊടുത്തിരിക്കുകയാണ്. നമ്മെ എല്ലാവരെയും ഉപദ്രവിക്കുവാന്‍ വേണ്ടി സാത്താന്‍ നടക്കുകയാണ്. പ്രത്യേകിച്ച് ദൈവത്തോട് അടുത്തു നില്ക്കുന്നവരെ വീഴിക്കുവാനാണ് സാത്താന് ഏറ്റവും വലിയ വ്യഗ്രത. അതുകൊണ്ട് സഭയുടെ തലവന്മാരെന്ന് പറയുന്ന ഞങ്ങള്‍ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്. കാരണം ഞങ്ങളെ വീഴിക്കുവാന്‍ സാത്താന് പ്രത്യേകഉദ്ദേശ്യമുണ്ട്. ഞങ്ങള്‍ വീഴ്ചക്കാരായാല്‍ ബാക്കിയുള്ളവരൊക്കെ താനേ വീണുകൊള്ളും എന്ന് സാത്താനൊരു വിചാരമുണ്ട്.

എന്‍റെ വാത്സല്യമുള്ളവരേ, ഇന്ന് ലോകം മുഴുവന്‍ സാത്താന്‍റെ ഭയങ്കരമായ ശക്തി കാണുന്നു. ചിന്തിക്കാത്ത അക്രമം; അതായത് ഒരാള്‍ ഒരു ദിവസം അല്പം കുടിച്ചിട്ട്, കാണുന്നവരെയെല്ലാം തോക്കെടുത്ത് വെടിവയ്ക്കുന്നു. അമേരിക്കയില്‍ സാധാരണ നടക്കുന്ന സംഭവമാണ്. ഒരു കാരണവും വേണ്ട. തന്നെത്താനെ ഇരിക്കുമ്പോള്‍ എനിക്ക് പുറത്തേയ്ക്ക് പോയി കുറേപ്പേരെ വെടിവയ്ക്കണമെന്ന് തോന്നുക. തോക്കെടുത്ത് വെടിവയ്ക്കുക. ഇതാണ് ചിന്തിക്കാത്ത അക്രമം. സാത്താന്‍ അവനില്‍ പ്രവേശിച്ച് അവനെക്കൊണ്ട് ചെയ്യിക്കുന്നതാണ്. അങ്ങനെയുള്ള അനേക തിന്മകള്‍ അമേരിക്കയില്‍ മാത്രമല്ല ഇവിടെയും ഉണ്ടെന്നുള്ളത് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. നമ്മുടെ ആളുകളിലും സാത്താന്‍ പ്രവേശിച്ച് അനേക തിന്മകള്‍ ചെയ്യിക്കുന്നു. അങ്ങനെ തിന്മകള്‍ ചെയ്യിച്ച് സാത്താന്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന ഒരു കാലമാണ്.

എന്‍റെ വാത്സല്യമുള്ളവരേ, അതിന്‍റെ കാര്യം ഞാന്‍ പറയുന്നത്, രണ്ട് പ്രത്യേക സംഗതികള്‍ നിങ്ങളെ പ്രബോധിപ്പിക്കുവാനാണ്. ഒന്നാമത്തേത് ഞാന്‍ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ്. “എന്‍റെ ദൈവംതമ്പുരാനേ, നിന്‍റെ പേരും പറഞ്ഞ് നിന്‍റെ സഭയില്‍ ജീവിക്കുന്ന ഞങ്ങള്‍ ഇത്രയുമെല്ലാം തിന്മ ചെയ്തിട്ടും, ഈ സഭയെ നീ നശിപ്പിക്കുന്നില്ലല്ലോ” എന്ന് ചിലപ്പോള്‍ ഞാന്‍ ദൈവംതമ്പുരാനോട് പറയാറുണ്ട്. വേറെ ഏതെങ്കിലും സംഘടനയാണെങ്കില്‍ ഇത്രയും തെറ്റ് ചെയ്താല്‍ അതിനെ ദൈവം ഇല്ലാതാക്കും; നാമാവശേഷമാക്കും. ഇത് ഇന്നു ജീവിച്ചിരിക്കുന്നവരുടെ മിടുക്കുകൊണ്ടൊന്നും അല്ല. നിങ്ങളുടെ കാലത്തിന് മുമ്പ് ജീവിച്ചിരുന്ന ഒരുപാട് പരിശുദ്ധന്മാര്‍ ഇപ്പോഴും സഭയില്‍ ഉള്ളതുകൊണ്ടാണ് സഭയെ നശിപ്പിക്കാത്തത്.

എന്‍റെ വാത്സല്യമുള്ളവരേ, ഇന്ന് ദൈവം നമ്മുടെ സഭയെ നശിപ്പിക്കാതിരിക്കുന്നത്, സോദോമിലും ഗോമോറായിലും ഉണ്ടായതുപോലെയുള്ള ഭയങ്കര നാശം നമ്മുടെ മേല്‍ വരുത്താതിരിക്കുന്നത് ഈ സഭയില്‍ അനേക പരിശുദ്ധന്മാര്‍ മുമ്പ് ജീവിച്ചിരുന്നിട്ടുണ്ട് എന്നുള്ളതുകൊണ്ടാണ്. മറയ്ക്കു പുറകില്‍ പരുമലത്തിരുമേനിയെപ്പോലെയുള്ള അനേകം പരിശുദ്ധന്മാര്‍ നില്‍ക്കുന്നതു കൊണ്ടാണ് ഈ സഭയെ നശിപ്പിക്കാതിരിക്കുന്നത്. അല്ലെങ്കില്‍ നമ്മളെയൊക്കെ നശിപ്പിക്കാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കുന്നുണ്ട്. ഇപ്പോഴും ഒരുക്കിക്കൊണ്ടാണിരിക്കുന്നത്. നമ്മളുടെ പേരിലുള്ള തെറ്റുകള്‍ നിരവധിയാണ്. നശിക്കാതിരിക്കുന്നത് ഈ പരിശുദ്ധന്‍റെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന കൊണ്ടാണ്. അതുപോലെ പരിശുദ്ധനായ തോമ്മാ ശ്ലീഹായുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന കൊണ്ടാണ്. അതുപോലെ നമുക്ക് പേരറിഞ്ഞുകൂടാത്ത അനേകായിരം പരിശുദ്ധന്മാരുണ്ട്. ലോകത്തിലുള്ള ക്രൈസ്തവസഭയില്‍ ഉണ്ടായിട്ടുള്ള എല്ലാ പരിശുദ്ധന്മാരും ഇന്നും ഈ സാത്താന്‍റെ ശക്തികള്‍ക്ക് എതിരായി പോരാടിക്കൊണ്ട് മറയ്ക്കു പുറകില്‍ നില്ക്കുന്നുണ്ട് എന്ന കാര്യം നിങ്ങളെ ഞാന്‍ പ്രത്യേകമായിട്ട് ഓര്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണ്.

എന്‍റെ വാത്സല്യമുള്ളവരെ, പരുമലതിരുമേനി, പ. കന്യകമറിയാം, സകല നീതിമാന്മാരും, സകല പരിശുദ്ധന്മാരും, സകല ശുദ്ധിമതികളും ഇന്നും നമുക്ക് കാണാവുന്ന മറയ്ക്ക് പുറകില്‍ നിന്നുകൊണ്ട് നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നുള്ളത് നാം മറക്കരുത് എന്ന് മാത്രമല്ല, അവരോടുള്ള പ്രാര്‍ത്ഥനയും അവരെ ഓര്‍ക്കുന്നതും കൂടുതലായി ഈ സമയത്ത് വര്‍ദ്ധിപ്പിയ്ക്കണം.

എന്‍റെ വാത്സല്യമുള്ളവരേ, സഭ എന്തിനാണ്? ലോകം മുഴുവനും തിന്മയിലേക്ക് പോകുന്ന സമയത്ത് അതിന്‍റെ പുറകെ സഭയും പോകാതെ സഭ ദൈവഹിതം എന്താണെന്ന് വ്യക്തമാക്കുന്ന ഒരു സമൂഹമായി, ദൈവത്തിന്‍റെ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു കോളനിയായി, നന്മയ്ക്ക് വേണ്ടി മാത്രം നില്‍ക്കുന്ന നേരും നീതിയുമുള്ള സമൂഹമായി, മനുഷ്യസ്നേഹമുള്ള ഒരു സമൂഹമായി, ദൈവത്തിന്‍റെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു സമൂഹമായി, ഇന്ന് നിലനിന്നെങ്കില്‍ മാത്രമേ സാത്താന്‍റെ ശക്തി നശിച്ചുപോകുകയുള്ളു.

എന്‍റെ വാത്സല്യമുള്ളവരേ, നാം ഓരോരുത്തരും നീതിയോടും വിശുദ്ധിയോടും വ്യാജം പറയാതെയും മറ്റുളളവരെ വഞ്ചിക്കാതെയും ദ്രവ്യാഗ്രഹം കൊണ്ട് തെറ്റായ കാര്യങ്ങള്‍ ചെയ്യാതെയും ഇനിയും ജീവിച്ചില്ല എങ്കില്‍ സാത്താന്‍റെ ശക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഞാനും നേരോടും നീതിയോടും സത്യസന്ധതയോടും ദുരാഗ്രഹമില്ലാതെയും താഴ്മയോടും ജീവിച്ചെങ്കില്‍ മാത്രമേ എന്‍റെ സഭയ്ക്ക് നന്മയുണ്ടാകുന്നുള്ളു; ഈ ലോകത്തിനു നന്മയുണ്ടാകുന്നുള്ളു. സഭ സഭയായി തീരണം. സഭ ദൈവത്തിന്‍റെ പ്രത്യക്ഷരൂപമായി തീരണം. സഭ ക്രിസ്തുവിന്‍റെ ശരീരമായി, ക്രിസ്തുവിന്‍റെ സ്വഭാവം ലോകത്തിന് കാണിച്ചു കൊടുക്കണം. എന്‍റെ വാത്സല്യമുള്ളവരേ, ഞാന്‍ അവസാനിപ്പിക്കുന്നു.

ഇന്ന് നിങ്ങള്‍ ഇവിടെ വന്നുകൂടിയിരിക്കുന്ന എല്ലാവരും തന്നെ ഒരു തീരുമാനം ചെയ്യണം. “ഞാന്‍ തിന്മ ചെയ്യുകയില്ല. അനീതി ഞാന്‍ പ്രവര്‍ത്തിക്കുകയില്ല. കള്ളം ഞാന്‍ പറയുകയില്ല. വഞ്ചന ഞാന്‍ പരിശീലിക്കുകയില്ല. സത്യസന്ധതയോടുകൂടെ എന്‍റെ ചുറ്റുമുള്ള മനുഷ്യരുടെ ആവശ്യങ്ങളെ കണ്ടുകൊണ്ട് അവര്‍ക്കുവേണ്ടി ജീവിക്കുവാന്‍ എന്‍റെ ജീവിതം ഇന്നുമുതല്‍ ഞാന്‍ ഉഴിഞ്ഞു വയ്ക്കുന്നു”. ഇത് കര്‍ത്താവിന്‍റെ സന്നിധിയില്‍ പറഞ്ഞ് കര്‍ത്താവില്‍ നിന്ന് കൃപയും അനുഗ്രഹങ്ങളും പ്രാപിച്ച് പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥത മൂലം അനുഗ്രഹങ്ങള്‍ പ്രാപിക്കുന്ന ഒരു നല്ല സമൂഹമായി തീരുവാന്‍, ദൈവം തമ്പുരാന്‍ നിങ്ങളെ എല്ലാവരെയും സഹായിക്കട്ടെ.

(പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളില്‍ (1994 നവം. 2) ചെയ്ത പ്രസംഗം. സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്)