പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ശ്രേഷ്ഠാദ്ധ്യാപകര്‍

paulos_gregorios_2

കുറച്ചൊരു അകാലപരിണതിയെന്നോ പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയെന്നോ പറയാമായിരിക്കും – നാലു വയസ്സ് കഴിഞ്ഞതേയുള്ളു ഞാന്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍. അന്ന് സ്ഥലത്തെ ബോയ്സ് ഹൈസ്കൂളില്‍ പ്രാഥമികവിഭാഗത്തില്‍ അദ്ധ്യാപകനായിരുന്ന പിതാവ് എന്നെയും കൂട്ടി ഹെഡ്മാസ്റ്ററുടെ അടുക്കലേയ്ക്ക് ചെന്നു. ഒന്നാം ക്ലാസില്‍ ചേര്‍ക്കണമെങ്കില്‍ അഞ്ചുവയസ്സ് തികയണം. വയസ് നിബന്ധനയില്‍നിന്ന് ഒഴിവ് തേടിയാണ് ഞങ്ങള്‍ പോയത്. ഹെഡ്മാസ്റ്റര്‍ ഒരു അയ്യങ്കാരായിരുന്നുവെന്നാണ് എന്‍റെ ഓര്‍മ്മ.കഴുത്തുവരെ ബട്ടണിട്ടു, കറുത്ത കോട്ടണിഞ്ഞ്, തലപ്പാവ് കെട്ടി, വായ്നിറയെ താമ്പൂലവും ചവച്ച ആ രൂപം ഒരളവില്‍ ഭയം ജനിപ്പിക്കുന്നതായിരുന്നു. മുണ്ടുടുത്തു ബട്ടണെല്ലാമിട്ട കോട്ടുധരിച്ച് വെളുത്ത തലപ്പാവും കെട്ടി നില്‍ക്കുന്ന പിതാവിന്‍റെ രൂപവും എന്‍റെ ഓര്‍മ്മയിലുണ്ട്. ആ രംഗം എന്‍റെ മനസ്സില്‍ ഇന്നും സജീവമാണ്. കാരണം ഒരു നാലു വയസുകാരന് അതു നല്ലതുപോലെ ഭീതിജനകമായിരുന്നു.

ഹെഡ്മാസ്റ്റര്‍ ഇപ്രകാരം ഗര്‍ജിച്ചതായി എനിക്കു തോന്നി: “നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്, പൈലി മാസ്റ്റര്‍? ദിവസേന പയ്യനെ താങ്കളുടെ കോട്ടിന്‍റെ പോക്കറ്റിലാക്കി സ്കൂളില്‍ കൊണ്ടുവരാനോ?” എനിക്കു പ്രവേശനം അനുവദിച്ചു. ഏതായാലും ഹെഡ്മാസ്റ്ററുടെ ഓഫീസില്‍ നിന്ന് പുറത്തുകടന്നതോടെ ആശ്വാസമായി. ഞാന്‍ അത്രമാത്രം ഭയന്നുപോയിരുന്നു.

നാലാം ക്ലാസ്സില്‍ എത്തിയതോടെ എന്‍റെ പ്രായത്തില്‍ കവിഞ്ഞ ബുദ്ധി സ്കൂളില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. എന്‍റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്‍റെ സഹപാഠികള്‍ (എന്നേക്കാള്‍ ആറുവര്‍ഷം പ്രായം കൂടുതലുള്ളവര്‍) ഇംഗ്ലീഷ് പാഠപുസ്തകങ്ങളുമായി എന്‍റെ അടുക്കല്‍ വരുമായിരുന്നു-അര്‍ത്ഥമറിയാതെയാണെങ്കിലും ഞാനവ ഉച്ചത്തില്‍ വായിക്കുന്നതു കേള്‍ക്കുവാന്‍.

എന്‍റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്‍റെ ഹൈന്ദവാദ്ധ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ലാദം കണ്ടെത്തി. അന്നത്തെ രീതി അതായിരുന്നു. എന്‍റെ മലയാളം അദ്ധ്യാപകന്‍ ശ്രീ ശങ്കരമേനോന്‍ പ്രത്യേകിച്ചും പരുഷഭാഷയില്‍ ഭര്‍ത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ലാസ്സില്‍ പറഞ്ഞു: “മലയാളംപോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്?” ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍ നിന്ന്-വര്‍ഗീയവിദ്വേഷത്തില്‍ നിന്നല്ല-ഉത്ഭവിക്കുന്നതാണ്. പക്ഷേ ക്രിസ്തീയ വിശ്വാസത്തോടുള്ള വിധേയത്വത്തെപ്പറ്റി ലജ്ജിക്കാന്‍ വിസമ്മതിക്കുന്ന വികാരവാനായ ഒരു ബാലകന് ഇതെല്ലാം ദുസ്സഹമായിരുന്നു. ആ പ്രദേശത്തെ ജനങ്ങളില്‍ മൂന്നിലൊരു ഭാഗം ക്രിസ്ത്യാനികളാണ്. എന്‍റെ കുടുംബം പുരാതന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സമൂഹത്തില്‍പ്പെട്ടതുമാണ്. ലോകത്തില്‍ ക്രിസ്തുമതം ആരംഭിച്ച കാലംതൊട്ട് ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ ക്രിസ്ത്യാനികളായി ഇവിടെ കഴിയുന്നു. യേശുക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പോസ്തോലന്മാരില്‍ ഒരാളായ തോമ്മസ് ഇവിടെ സഭ സ്ഥാപിച്ചുവെന്നാണ് പാരമ്പര്യവിശ്വാസം.

പക്ഷേ, അദ്ധ്യാപകരുടെ ശകാരപരിഹാസങ്ങള്‍, അന്നത്തെ സമൂഹത്തില്‍ സ്കൂള്‍ വിദ്യാഭ്യാസമാകുന്ന കളിയുടെ ഭാഗമായിരുന്നു. അതെല്ലാം സഹിച്ചേ പറ്റൂ.

**********************

പൗരസ്ത്യ ദൈവശാസ്ത്രവും സഭാപിതാക്കന്മാരുടെ രചനകളും കൂടുതല്‍ മെച്ചമായി ഗ്രഹിക്കാന്‍ കഴിയുമെന്ന പ്രത്യാശയില്‍ ഞാന്‍ യേലിനോടു യാത്രപറഞ്ഞ് ഓക്സ്ഫഡിലേക്കു പോയി. ഓക്സ്ഫഡില്‍ ഡോക്ടര്‍ ഓഫ് ഫിലോസഫിക്ക് (ഡി. ഫില്‍.) രജിസ്റ്റര്‍ ചെയ്തു. കെബിള്‍ കോളജിലാണു പഠനമെങ്കിലും താമസം ഓക്സ്ഫഡില്‍ കാന്‍റര്‍ബറി റോഡിലെ സെന്‍റ് ഗ്രിഗറി – സെന്‍റ് മക്രീന മന്ദിരത്തിലാണ്. പൊതുവെ പറഞ്ഞാല്‍ ഓക്സ്ഫഡ് എന്നെ നിരാശനാക്കി. എന്‍റെ അഭിരുചിക്കു ചേരാത്ത വിധത്തില്‍ യാഥാസ്ഥിതികവും സൈദ്ധാന്തികവും ഒറ്റപ്പെട്ടതുമായി തോന്നി അവിടം. അതേസമയം ആഡംബരപ്രധാനവും ആധികാരികത കുറഞ്ഞതും. പക്ഷേ പ്രഗത്ഭരായ ചില അദ്ധ്യാപകര്‍ സഹായകരായി. മൈക്കള്‍ പൊളാനിയെപ്പോലുള്ള പണ്ഡിതശ്രേഷ്ഠന്മാര്‍ മനുഷ്യവിജ്ഞാനത്തിന്‍റെയും ധൈഷണിക നിശ്ചയത്തിന്‍റെയും ചില പ്രശ്നങ്ങളിലേക്ക് എന്നെ വഴിനടത്തി. ഗോഷനില്‍വച്ചു പ്രാരംഭ പാഠത്തോടെ ആരംഭിച്ചതും പ്രിന്‍സ്ടണിലും യേലിലും വച്ച് ഗണ്യമായി വികസിച്ചതുമായ എന്‍റെ ദാര്‍ശനിക തീര്‍ത്ഥയാത്ര ഓക്സ്ഫഡില്‍ പക്വതയുടെ ഒരു പുതിയ തലത്തില്‍ എത്തിപ്പെട്ടു. ഗില്‍ബര്‍ട് റൈല്‍ (ഏശഹയലൃേ ഞ്യഹല), അയാന്‍ റാംസേ (കമി ഞമാല്യെ), ഹെന്‍റി ചാഡ്വിക് (ഒലിൃ്യ ഇവമറംശരസ), ആര്‍. സി. സാനര്‍ (ഞ. ഇ. ദമവിലൃ) എന്നിങ്ങനെയുള്ള ശ്രേഷ്ഠാദ്ധ്യാപകരുടെ പ്രബോധനങ്ങളോട് എന്‍റെ മനസ്സ് വിമര്‍ശനബുദ്ധ്യാ പ്രതികരിക്കുകയും ചെയ്തു.

(ആത്മകഥയില്‍ നിന്നും)