മലങ്കരസഭാ കേസിലെ 1995-ലെ വിധിയും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സമാധാന ശ്രമങ്ങളും / ജോയ്സ് തോട്ടയ്ക്കാട്

pmg1

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മലങ്കരസഭയിലുളവായ പുതിയ സാഹചര്യത്തില്‍ മെത്രാപ്പോലീത്താ സഭാനേതൃത്വത്തില്‍ തിരികെ വരികയും, ഇരുസഭകളും തമ്മിലുള്ള അനുരഞ്ജന നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യണമെന്ന ആവശ്യം സഭയിലെ സമാധാനകാംക്ഷികളില്‍ നിന്നുമുണ്ടായി. മെത്രാപ്പോലീത്തായുടെ ഒരു ആത്മസ്നേഹിതനും ഒരു വാത്സല്യ ശിഷ്യനും സഭാനേതൃത്വവുമായും മെത്രാപ്പോലീത്തായുമായും ബന്ധപ്പെട്ട് രാജി പിന്‍വലിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തി. മെത്രാപ്പോലീത്താ ഉന്നയിച്ച വ്യവസ്ഥകള്‍ സഭാനേതൃത്വം അംഗീകരിച്ചു. രാജി പിന്‍വലിച്ചുകൊണ്ടും, യാക്കോബായ വിഭാഗവുമായി സഭാസമാധാന ചര്‍ച്ചകള്‍ നടത്തുവാന്‍ രൂപീകൃതമായ അനുരഞ്ജന സമിതിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തുകൊണ്ടും മെത്രാപ്പോലീത്താ വീണ്ടും സജീവമായി രംഗത്തെത്തി.
ഒരു നൂറ്റാണ്ടിലധികമായി കോടതിയും കേസുമായി കഴിഞ്ഞു വന്നിരുന്ന ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളെ, 1995 ജൂണിലുണ്ടായ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഒന്നാക്കുവാനും സഭയില്‍ സമാധാനം പുനഃസ്ഥാപിക്കുവാനുമുള്ള ശ്രമത്തിന് മെത്രാപ്പോലീത്താ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. ഇരുസഭകളില്‍നിന്നും ഇതിനായി ഓരോ അനുരഞ്ജന സമിതികള്‍ രൂപീകൃതമായി. ഓര്‍ത്തഡോക്സ് സഭയുടെ അനുരഞ്ജന സമിതിയുടെ പ്രസിഡണ്ടായി മെത്രാപ്പോലീത്തായെ സുന്നഹദോസ് ചുമതലപ്പെടുത്തി.

ഇരുസഭകളിലെയും അനുരഞ്ജന സമിതികള്‍ പല തവണ ഒരുമിച്ച് സമ്മേളിക്കുകയും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരു അനുരഞ്ജന ഫോര്‍മുല രൂപീകരിക്കുകയും ചെയ്തു. ശാരീരികാസ്വാസ്ഥ്യം മൂലം ഒരു ദിവസം അര മണിക്കൂര്‍ പോലും ജോലി ചെയ്യുവാന്‍ സാധിക്കുകയില്ലായിരുന്ന മെത്രാപ്പോലീത്താ, തുടര്‍ച്ചയായി മൂന്നും നാലും മണിക്കൂറുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഒരു സമ്മേളനത്തില്‍ പങ്കെടുത്തതിന്‍റെ ക്ഷീണം മാറാന്‍ കട്ടിലില്‍ തന്നെ ദിവസങ്ങളോളം അദ്ദേഹം കിടക്കും. കട്ടിലില്‍നിന്ന് ഏകദേശം എഴുന്നേല്‍ക്കാറാകുമ്പോള്‍, വീണ്ടും അടുത്ത സമ്മേളനത്തിനും മറുഭാഗത്തിലെ നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചകള്‍ക്കുമായി അദ്ദേഹം പ്രവര്‍ത്തനനിരതനാകും.
അനുരഞ്ജനനീക്കങ്ങള്‍ ഫലപ്രാപ്തിയിലെത്തുമെന്ന തോന്നലുണ്ടായപ്പോള്‍, ഓര്‍ത്തഡോക്സ് വിഭാഗത്തിലെ വടക്കന്‍ ഭദ്രാസനാംഗങ്ങള്‍ കര്‍മ്മനിരതരായി. മെത്രാപ്പോലീത്തായ്ക്ക് സ്വന്തം സഭാംഗങ്ങളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യമാക്കുവാന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും വേണ്ടത്ര വിജയിച്ചില്ല. മെത്രാപ്പോലീത്തായുടെ അനുരഞ്ജന നീക്കങ്ങളെ എതിര്‍ത്തവര്‍ കത്തുകളിലൂടെയും നിവേദനങ്ങളിലൂടെയും അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയെപ്പോലും ചോദ്യം ചെയ്തു. നിന്ദ്യവും പരിഹാസ്യവുമായ വാക്കുകളുടെ അകമ്പടിയോടെയുള്ള കത്തുകള്‍ മെത്രാപ്പോലീത്തായെ ദുഃഖിതനാക്കി.

ഓര്‍ത്തഡോക്സ് സഭയുടെ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പും, യാക്കോബായ വിഭാഗ അനുരഞ്ജന സമിതിയിലെ ചില അംഗങ്ങളുടെ പിന്മാറ്റവും രാജിയുമൊക്കെ സഭാസമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. മെത്രാപ്പോലീത്താ രക്താര്‍ബുദ ബാധിതനായതോടെ അനുരഞ്ജന നീക്കങ്ങള്‍ തല്‍ക്കാലം നിന്നു. അനുരഞ്ജന നീക്കങ്ങള്‍ക്കായി ഒരു ശ്രമം കൂടി നടത്തുവാന്‍ ഡല്‍ഹിയില്‍ നിന്നു കേരളത്തിലെത്തണമെന്ന ആഗ്രഹം മെത്രാപ്പോലീത്തായ്ക്ക് അവസാന സമയത്തും ഉണ്ടായിരുന്നു.

(പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര എന്ന ഗ്രന്ഥത്തില്‍ നിന്നും)