തിരുശേഷിപ്പുകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്
തിരുശേഷിപ്പുകള്‍: ആദിമ സഭയുടെ ദര്‍ശനം
ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്
പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥത ക്രിസ്തുവിന്‍റെ ഏകമദ്ധ്യസ്ഥതയെ അവഗണിക്കുന്നതോ ലാഘവപ്പെടുത്തുന്നതോ ആണെന്നു ചില ആധുനിക സമുദായവിഭാഗങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ അത് അര്‍ത്ഥശൂന്യമായ ഒരു അഭിപ്രായമാണ്. പരിശുദ്ധന്മാരെ ആദരിക്കുകയും അവരുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുകയും ചെയ്ക എന്നത് ആദിമസഭയില്‍, വി. സ്തേപ്പാനോസിന്‍റെ രക്തസാക്ഷിത്വത്തോടു കൂടിത്തന്നെ ആരംഭിച്ചതാണ്. വി. സ്തേപ്പാനോസിന്‍റെ ആത്മാവിനെ സ്വീകരിക്കാന്‍ കര്‍ത്താവായ യേശു പിതാവായ ദൈവത്തിന്‍റെ വലത്തുഭാഗത്തു നില്‍ക്കുന്നതായിട്ടാണ് കണ്ടത്. സ്തേപ്പാനോസിന്‍റെ പ്രാര്‍ത്ഥന കര്‍ത്താവിന്‍റെ മദ്ധ്യസ്ഥതയോടു സംയോജിപ്പിക്കപ്പെടുകയാണുണ്ടായത്. സ്തേപ്പാനോസിന്‍റെ മൃതശരീരം ഭക്തി പൂര്‍വ്വം അടക്കം ചെയ്യപ്പെട്ടു. രണ്ടാം നൂറ്റാണ്ടായപ്പോഴേക്കും രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടങ്ങള്‍ സമ്പൂജ്യങ്ങളായി സമാദരിക്കപ്പെട്ടിരുന്നു. അവരുടെ കബര്‍ ത്രോണോസായി ഉപയോഗിച്ചു വി. കുര്‍ബ്ബാന അര്‍പ്പിച്ചു വന്നു. മാത്രമല്ല, ആണ്ടില്‍ ഒരിക്കല്‍ സിമിറ്ററിയില്‍ ബലി അര്‍പ്പിക്കുന്ന ഒരു പതിവുകൂടെയുണ്ടായി. 4-ഉം, 5-ഉം നൂറ്റാണ്ടുകളില്‍ ത്രോണോസിന്‍റെയും തബ്ലൈത്തായുടെയും കൂദാശയ്ക്ക്, കടന്നുപോയ ഒരു പരിശുദ്ധന്‍റെ അസ്ഥി കൂടി അവശ്യം വേണമെന്നായി. ബലിപീഠങ്ങള്‍ സ്ഥാപിക്കുന്നതിന് തിരുശേഷിപ്പ് ഒരു അനുപേക്ഷണീയ വസ്തുവായിത്തീര്‍ന്നു. പിന്നീടു പള്ളികള്‍ വര്‍ദ്ധിച്ചുവന്നപ്പോള്‍ അസ്ഥികള്‍ കിട്ടാനില്ലാതായി. അപ്പോള്‍ അവരെ അടക്കിയിട്ടുള്ള സ്ഥലത്തെ മണ്ണു മതി എന്നുവച്ചു. അതും കിട്ടാനില്ലാതായപ്പോള്‍ അവരുടെ കബറിങ്കല്‍ കൊളുത്തിയിട്ടുള്ള നിലവിളക്കിലെ എണ്ണയായാലും മതിയാകും എന്നു സഭ നിശ്ചയിച്ചു.
ജീവിച്ചിരിക്കുന്നവര്‍ തമ്മില്‍ തമ്മില്‍ ‘എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ’ എന്നു പറയുക ആധുനിക സഭാവിഭാഗങ്ങളിലും സാധാരണമാണ്. ഇതു ക്രിസ്തുവിന്‍റെ മദ്ധ്യസ്ഥതയെ അനാദരിക്കുന്ന ഒന്നാണെന്ന് അവര്‍ പറയുന്നില്ല. അങ്ങനെയെങ്കില്‍ ശരീരം വിട്ടു ക്രിസ്തുവിനോട് ഏറെ അടുത്തുജീവിക്കുന്ന പരിശുദ്ധന്മാരോട് ‘ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ’ എന്നു പറയുന്നതും ക്രിസ്തുവിന്‍റെ മദ്ധ്യസ്ഥതയെ അവഗണിക്കുന്നതാകയില്ല.
നമ്മുടെ സഭയില്‍ സംഭവിച്ചിട്ടുള്ള വന്‍കാര്യങ്ങളെല്ലാം തന്നെ നമ്മുടെ ബുദ്ധിശക്തികൊണ്ടോ ഭരണവൈഭവംകൊണ്ടോ ആണെന്നു നമുക്ക് അവകാശപ്പെടാന്‍ നിവൃത്തിയില്ല. നമ്മുടെ നിലനില്പിനുതന്നെയും പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥത ഈടുറ്റ സഹായമാണ്. അവര്‍ എല്ലായ്പോഴും നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ശാരീരിക പരാധീനതകള്‍ക്ക് അവര്‍ വശംവദരല്ല. ബലഹീനരായ നാം കുറെ സമയം അടുപ്പിച്ചു പ്രാര്‍ത്ഥിക്കുമ്പോഴേക്കും ക്ഷീണിക്കുന്നു. എന്നാല്‍ കടന്നുപോയവര്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ആത്മവര്‍ദ്ധന പ്രാര്‍ത്ഥനയിലാണ്. ആകയാല്‍ പ്രാര്‍ത്ഥിക്കുന്നതിന് അവര്‍ക്കുള്ള കഴിവ്, ജീവിച്ചിരിക്കുന്നവരുടേതിനേക്കാള്‍ വളരെ മടങ്ങു കൂടുതലാണ്. പരിശുദ്ധ പരുമലതിരുമേനി നമുക്കുവേണ്ടി നടത്തുന്ന മദ്ധ്യസ്ഥത നമ്മുടെ കര്‍ത്താവിന്‍റെ മദ്ധ്യസ്ഥതയോടു സംയോജിപ്പിക്കപ്പെടുകയും അങ്ങനെ നമുക്ക് അനുഗ്രഹത്തിനും വാഴ്വിനും ഹേതുവായിത്തീരുകയും ചെയ്യുന്നു.
(മലങ്കരസഭ മാസിക, 1969, നവംബര്‍)


2 Comments on “തിരുശേഷിപ്പുകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്”
Comments are closed.