കലയും വചനവും ഓര്‍ത്തഡോക്സ് ചിന്തയില്‍: ഒരു മുഖവുര / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

incense-and-icon
സഭയെ സംബന്ധിച്ചിടത്തോളം അതിന്‍റെ ജീവിതത്തിന്നതിപ്രധാനമായി ആവശ്യമുള്ളത് വചന ശുശ്രൂഷയും വിശുദ്ധ രഹസ്യങ്ങളുടെ ശുശ്രൂഷയും തന്നെ. ഇത് തര്‍ക്കമറ്റ സംഗതിയാണ്.

എന്നാല്‍ വചനം എന്ന് പറയുന്നത് അക്ഷരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന വാക്കുകള്‍ മാത്രമാകണമെന്നില്ല. രൂപകലകളും സംഗീതവും വചനത്തില്‍ ഉള്‍പ്പെടുന്നു. പൗരസ്ത്യസഭകള്‍ സംഗീതം, സൗധശില്പം (archukchun) നാടകം, ചിത്രരചന എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നു. സഭാവിശ്വാസസംബന്ധമായും ആരാധനാജീവിത സംബന്ധമായും ഉള്ള കാര്യങ്ങള്‍ നമ്മുടെ ജനങ്ങളെ പഠിപ്പിയ്ക്കുന്നത് പ്രസംഗം കൊണ്ടു മാത്രം സാദ്ധ്യമല്ല. ദേവാലയത്തിന്‍റെ ശില്പം, അതിലുള്ള ചിത്രങ്ങള്‍, മറ്റു ഛിഹ്നരൂപങ്ങള്‍, സംഗീതം എന്നിവ വചനം പോലെ തന്നെ കാര്യക്ഷമങ്ങളായ അദ്ധ്യയന മാധ്യമങ്ങളാണ്. പഴയകാലത്ത് നമ്മുടെ സഭാചരിത്രവും വിശ്വാസവുമൊക്കെ ജനങ്ങളെ പഠിപ്പിച്ചിരുന്നത് ചിത്രങ്ങളില്‍ കൂടെയും, ചവിട്ടുനാടകം, പരിശമുട്ട്, റമ്പാന്‍പാട്ടുകള്‍ എന്നിങ്ങനെയുള്ള മാധ്യമങ്ങളില്‍ കൂടെയുമായിരുന്നു.

അന്നത്തെ ജനങ്ങള്‍ക്ക് ഇന്നത്തെപ്പോലെ വിദ്യാഭ്യാസമില്ലാതിരുന്നതുകൊണ്ട് അവര്‍ക്ക് മാധ്യമങ്ങള്‍ വേണ്ടിവന്നു എന്നു മാത്രം ചിന്തിയ്ക്കുന്നത് തെറ്റായിരിക്കും. ഏറ്റവും അഭ്യസ്തവിദ്യരായവര്‍ക്കു പോലും പ്രസംഗത്തിലും വാചക പഠനത്തിലും കൂടെ മാത്രമുള്ള അദ്ധ്യയനം അപര്യാപ്തമായിട്ടാണ് കാണുന്നത്. എത്രതന്നെ അഭ്യസ്തവിദ്യരായാലും കാര്യങ്ങള്‍ മനസ്സില്‍ ഉറയ്ക്കണമെങ്കില്‍ കലാരൂപങ്ങളില്‍ കൂടെയുള്ള അദ്ധ്യയനം അത്യാവശ്യമാണ്. പ്രത്യേകിച്ചും ബോധതലത്തിന്‍റെ അടിത്തട്ടിലുള്ള (Unconscious, Subconscious) ചിന്താപ്രകരണങ്ങളെ കരുപ്പിടിയ്ക്കുവാന്‍ വചനങ്ങളേക്കാള്‍ കൂടുതല്‍ കഴിവുള്ളത്, കലയ്ക്കും വികാരത്തിനും അനുഭവത്തിനുമാണ്.

പ്രോട്ടസ്റ്റന്‍റ് വിശ്വാസത്തിന്‍റെ ശക്തി പ്രധാനമായും വസിയ്ക്കുന്നത് ബോധത്തിന്‍റെ ഉപരിതലങ്ങളില്‍ മാത്രമാണ്. താഴെയുള്ള തലങ്ങളിലേയ്ക്ക് വചനങ്ങള്‍ക്ക് അത്രയെളുപ്പം പ്രവേശിപ്പാന്‍ കഴിയുന്നില്ല. വചനത്തിന് പരമപ്രാധാന്യം നല്കുന്നതുകൊണ്ട് വചനതലമായ സബോധമനസ്സില്‍ മാത്രമേ വിശ്വാസത്തിന് സ്ഥാനം ലഭിയ്ക്കുന്നുള്ളു.

സബോധമനസ്സറിയാതെ തന്നെ അബോധപ്രജ്ഞാ തലങ്ങളിലേയ്ക്കിറങ്ങുന്നതിനുള്ള ശക്തി കലാരൂപങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും ക്രമങ്ങള്‍ (Rictual, or liturgy) ക്കുമാണ് പ്രധാനമായുള്ളത്. പൗരസ്ത്യസഭ ഈ വചനേതര തലങ്ങളിലുള്ള ആദ്ധ്യാത്മികാദ്ധ്യയനത്തിനു പരമപ്രാധാന്യം നല്കുന്നു.

നാടകരൂപമായി ഇന്ന് നമുക്കവശേഷിക്കുന്നത് പരിശുദ്ധ കുര്‍ബാന മാത്രമാണ്. നമ്മുടെ കര്‍ത്താവിന്‍റെ പരസ്യശുശ്രൂഷ, മരണം, പുനരുത്ഥാനം മുതലായ രക്ഷാമാര്‍ഗ്ഗങ്ങളെ നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതാണ് വി. കുര്‍ബാന. എന്നാല്‍ ഇപ്പോഴത്തെ നാടകങ്ങളിലെന്നപോലെ കുറെപ്പേര്‍ അരങ്ങത്തും കുറെപ്പേര്‍ വീക്ഷകരായി താഴെയും നിലകൊള്ളുവാനല്ല ഉദ്ദേശിയ്ക്കപ്പെട്ടിരിക്കുന്നത്. വിശ്വാസികളെല്ലാവരും തന്നെ ഈ രക്ഷാനാടകത്തില്‍ അരങ്ങത്താണ്. വീക്ഷകരായി മാലാഖമാരും വിശ്വാസികളായ സ്വര്‍ഗ്ഗീയ ഗണങ്ങളുമുണ്ട്. പക്ഷേ വിശ്വാസികള്‍ എല്ലാവരും സജീവമായി കുര്‍ബാനയില്‍ പങ്കെടുക്കുകയും തങ്ങളുടെ കണ്ണുകൊണ്ടും, ചെവി കൊണ്ടും മാത്രമല്ല, മൂക്കു കൊണ്ടും (ധൂപം) രസന കൊണ്ടും, സ്പര്‍ശം കൊണ്ടും ഈ ബലിയില്‍ ഭാഗഭാക്കുകളാകുന്നു.

പൗരസ്ത്യസഭകളെ സംബന്ധിച്ച് വചന ശുശ്രൂഷയെന്ന് പറയുന്നതുപോലും ഈ പരിശുദ്ധ കുര്‍ബ്ബാനയുടെ നാടകീയമായ ചട്ടക്കൂടിനകത്താണ് നാം നടത്തുന്നത്. നമ്മുടെ കര്‍ത്താവ് സ്വന്തകൈ കൊണ്ട് ഒന്നും തന്നെ വചനമായി നമുക്കെഴുതിത്തന്നില്ല. എന്നാല്‍ നിങ്ങള്‍ ഇപ്രകാരം അനുഷ്ഠിച്ചുകൊള്ളുവിന്‍ എന്ന് കല്പിച്ചുകൊണ്ട് പരിശുദ്ധ കുര്‍ബ്ബാനയാകുന്ന ‘കര്‍മ്മം’ അല്ലെങ്കില്‍ പ്രവൃത്തി (liturgical act) നമ്മെ ഭരമേല്‍പ്പിച്ചു. ഈ കുര്‍ബ്ബാനയാണ് സത്യവിശ്വാസത്തെ പലപ്പോഴും പല പൗരസ്ത്യസഭകളിലും സംരക്ഷിച്ചുപോന്നിട്ടുള്ളത്.

എന്നാല്‍ പരിശുദ്ധ കുര്‍ബ്ബാനയാകുന്ന രക്ഷയുടെ നാടകം കൂടാതെ അദ്ധ്യാപനത്തിന്‍റേയും അദ്ധ്യയനത്തിന്‍റെയും നാടകങ്ങളും നമ്മുടെ സഭയിലുണ്ടായിരുന്നു. ചവിട്ടുനാടകം, പരിശമുട്ട്, മാര്‍ഗ്ഗംകളി എന്നിങ്ങനെയുള്ള വിവിധ കലാരൂപങ്ങളില്‍ കൂടെയാണ് സഭ വിശ്വാസികളെ വിശ്വാസത്തില്‍ ദാര്‍ഢ്യപ്പെടുത്തി കൊണ്ടുപോന്നിട്ടുള്ളത്.

പോര്‍ത്തുഗീസുകാരില്‍ക്കൂടെയും ഇംഗ്ലീഷുകാരില്‍കൂടെയും വന്ന യുക്തിയിലും വചനത്തിലും അധിഷ്ഠിതമായ പാശ്ചാത്യസംസ്കാരത്തിന്‍റെ ആഘാതമാണ് ഈ കലാരൂപങ്ങളെ നശിപ്പിയ്ക്കുവാനും നിഷേധിയ്ക്കുവാനും കാരണമായിത്തീര്‍ന്നിട്ടുള്ളത്. ഈ കലാരൂപങ്ങളെ നാം വീണ്ടും വീണ്ടെടുക്കേണ്ടിയിരിയ്ക്കുന്നു.

ക്രൈസ്തവരുടെ ശിക്ഷണത്തിനും അഭ്യസനത്തിനും അത്യധികം ആവശ്യമായ മറ്റു മൂന്ന് കലാരൂപങ്ങളും ഇന്ന് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. സൗധശില്പം (Architecture), ആരാധനാ സംഗീതം (liturgical music), ആരാധനയ്ക്കുള്ള ചിത്രങ്ങള്‍ (icons), ഇവയില്‍ മൂന്നിലും നമുക്കുള്ള പുരാതനപാരമ്പര്യം നമുക്കിന്നു നഷ്ടപ്രാചമായിരിക്കുന്നു.

നമ്മുടെ പള്ളികളുടെ ശില്പകലയിലെ ചില പ്രധാന തത്വങ്ങള്‍ ഉദാഹരണരൂപത്തില്‍ താഴെ കുറിയ്ക്കുന്നു.

1. മദ്ബഹാ മുഴുവന്‍ താഴെനിന്നു കാണത്തക്കവിധം പണിയരുത്. മദ്ബഹാ സ്വര്‍ഗ്ഗത്തിന്‍റെ പ്രതീകമാകുന്നു. സ്വര്‍ഗ്ഗം നമുക്കിന്ന് മുഴുവനും വെളിപ്പെട്ടിട്ടില്ല. അതുകൊണ്ട് മദ്ബഹായുടെ കുറെ ഭാഗങ്ങളെങ്കിലും താഴെ നിന്ന് കാണാത്തവിധത്തില്‍ ക്രമീകരിയ്ക്കണം.

2. മദ്ബഹായ്ക്കകത്തു നേര്‍വരകള്‍ വളരെ ചുരുങ്ങിയിരിയ്ക്കണം. കഴിയുന്നത്ര വൃത്തങ്ങളും ആര്‍ച്ചുകളുമായിരിയ്ക്കണം. ഈ വൃത്തങ്ങളുടെ പണിയില്‍ ശബ്ദവഹനത്തിന് (acoustics) പ്രത്യേക പ്രാധാന്യം നല്കണം. മദ്ബഹായില്‍ ചൊല്ലുന്നതിന്‍റെ ശബ്ദം പടിഞ്ഞാറോട്ട് മുഖരിതമാകത്തക്കവിധം മദ്ബഹായുടെ കിഴക്കേ മതില്‍ വളഞ്ഞതായിരിയ്ക്കണം.

3. മദ്ബഹായുടെ പ്രവേശനദ്വാരം ആര്‍ച്ചായിരിയ്ക്കണം. ആരാധനയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന മെലിഞ്ഞ ആര്‍ച്ചിന് വളരെ പ്രാധാന്യമുണ്ട്. ജനലുകളും വാതിലുകളുമൊക്കെ ഈ ആര്‍ച്ചിന്നകത്തായിരിക്കണം. കൂര്‍ത്ത മുന മുകളിലുള്ള ഗോഥിക്ക് ആര്‍ച്ച് അധികം ഉപയോഗിക്കരുത്.

4. പള്ളിയുടെ മേല്‍പ്പുര കഴിയുന്നത്ര ഉയര്‍ന്നതായിരിക്കണം. ചെലവു ചുരുക്കുവാന്‍ വേണ്ടി പള്ളിയുടെ ഉയരം കുറയ്ക്കുന്നതു നല്ലതല്ല. സാധാരണഗതിയില്‍ മദ്ബഹായുടെ മേല്‍പ്പുര പള്ളിയുടെ ബാക്കിഭാഗത്തിന്‍റെ മേല്‍പ്പുരയില്‍ നിന്നും അല്പം ഉയര്‍ന്നതായിരിയ്ക്കണം. മദ്ബഹായുടെ മേല്‍ത്തട്ട് ഉയര്‍ന്നതും വളഞ്ഞതുമായിരിയ്ക്കുന്നതാണ് ആരാധനയ്ക്ക് നല്ലത്.

5. ഒരു ക്രിസ്തീയ പള്ളിക്ക് നാലു ഭാഗങ്ങളാണുണ്ടായിരിക്കേണ്ടത്. (a) മദ്ബഹാ, പുരോഹിതന്മാരും കര്‍മ്മികളും നില്‍ക്കുന്നതിനുള്ളത് (b) ഹൈക്കല, കുര്‍ബ്ബാനയനുഭവിയ്ക്കുന്നവരും മുടക്കപ്പെടാത്തവരുമായ സത്യവിശ്വാസികള്‍ നില്‍ക്കാനുള്ളത് (c) പള്ളി (nave); കുര്‍ബ്ബാനയനുഭവിക്കാതെ സുവിശേഷവചനം കേള്‍ക്കാന്‍ വേണ്ടി ദേവാലയത്തില്‍ വരുന്ന മാമ്മോദീസാ മുങ്ങാത്തവരും മുടക്കപ്പെട്ടവരുമായവര്‍ നില്ക്കാനുള്ളത്. (d) നാടകശാല, ജനങ്ങളുടെ ആദ്ധ്യാത്മിക അഭ്യസനത്തിനുതകുന്ന നാടകങ്ങളും കലാപരിപാടികളും മറ്റും നടത്തുവാനുള്ളത്.

6. മാമ്മോദീസാ തൊട്ടി ഹെക്കലായുടെ പുറത്ത് വലതു വശത്തായിരിക്കണം. മാമ്മോദീസായില്‍ കൂടെ മാത്രമേ ഹൈക്കലായിലേയ്ക്ക് പ്രവേശിയ്ക്കുവാനൊക്കുകയുള്ളു.

7. പള്ളിയ്ക്ക് തൂണുകള്‍ ഉണ്ടെങ്കില്‍ അവ ചതുരത്തിലായിരിക്കരുത്. നിവൃത്തിയുള്ളിടത്തോളം വൃത്താകൃതിയിലുള്ളതായിരിക്കണം.

8. പള്ളിയുടെ നടുക്ക് ഒരു വിളക്ക് എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അതില്‍ അവിശ്വാസികളുള്‍പ്പെടെ എല്ലാ ജനങ്ങള്‍ക്കും എണ്ണയൊഴിക്കുവാനും തിരി കത്തിയ്ക്കുവാനും സാധിക്കത്തക്കവണ്ണം ഹൈക്കലായ്ക്ക് വെളിയിലായിരിക്കണം ഈ വിളക്ക്.

9. ഒരു പള്ളിയ്ക്ക് ഒരു മണിമാളികയും മണിയുമുണ്ടായിരിക്കണം. യാമങ്ങളനുസരിച്ച് ജനങ്ങളെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തുകൊണ്ടുള്ള മണിനാദം രാവിലെയും വൈകിട്ടും ഞായറാഴ്ച ആരാധനാ സമയങ്ങളിലും മുഴങ്ങണം.

10. ത്രോണോസിന്മേല്‍ മെഴുകുതിരിക്കാലുകളും ഒരു കുരിശും മാത്രം മതി. മൂന്നു കുരിശുകള്‍ വെയ്ക്കേണ്ടയാവശ്യമില്ല. മെഴുകുതിരി രണ്ടോ മൂന്നോ ഏഴോ പന്ത്രണ്ടോ എന്നാണ് പാരമ്പര്യം. ‘അരുളിയ്ക്കാ’ വെയ്ക്കരുത്. രോഗികള്‍ക്ക് കുര്‍ബ്ബാന കൊടുക്കുവാന്‍വേണ്ടി പരിശുദ്ധ കുര്‍ബ്ബാന സൂക്ഷിച്ചുവെയ്ക്കുന്ന ചെപ്പ് ഒരു പെട്ടകരൂപത്തിലോ പള്ളിയുടെ രൂപത്തിലോ ആവാം. അരുളിയ്ക്കാ, കത്തോലിക്കര്‍ ‘റാസ’ അല്ലെങ്കില്‍ കുര്‍ബ്ബാനഘോഷയാത്രയായിയെഴുന്നെള്ളിക്കുവാന്‍ ഉണ്ടാക്കിയതാണ്. കുര്‍ബ്ബാനയെ അരുളിയ്ക്കാകത്ത് വെച്ച് ആരാധിയ്ക്കുക എന്നും എഴുന്നെള്ളിയ്ക്കുക എന്നും ഉള്ള പതിവ് പൗരസ്ത്യര്‍ക്കില്ല. ത്രോണോസില്‍ പുഷ്പങ്ങള്‍ വെയ്ക്കുന്നതില്‍ തെറ്റില്ല. പക്ഷേ പ്ലാസ്റ്റിക് പുഷ്പങ്ങള്‍ അരുത്. പുഷ്പങ്ങള്‍ വെളുത്തതായിരുന്നാല്‍ ഏറെ നല്ലത്. ത്രോണോസില്‍ മാറാമ്പലും പൊടിയും ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് വൈദികന്‍റെ ചുമതലയാണ്. അതില്‍ വിരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അലക്കി വെടിപ്പാക്കിയതായിരിക്കണം. മുഷിഞ്ഞത് കിടക്കാനനുവദിക്കരുത്.

മദ്ബഹായില്‍ പ്രവേശിക്കുന്നവര്‍ പട്ടക്കാരനായാലും ശുശ്രൂഷക്കാരനായാലും എപ്പോഴും വളരെ ഭയഭക്തിയോടും ബഹുമാനത്തോടും കൂടെയായിരിക്കണം. ശുശ്രൂഷകര്‍ അലക്ഷ്യമായി മദ്ബഹായില്‍ നില്‍ക്കുവാനോ ത്രോണോസിനെ തൊടുവാനോ അനുവദിക്കരുത്. എല്ലായ്പ്പോഴും ദൈവസാന്നിദ്ധ്യമുള്ള ദൈവസിംഹാസനമാണെന്നുള്ള ബോധത്തോടെ വേണം വൈദികരും ശുശ്രൂഷകരും പെരുമാറുവാന്‍.

(പുരോഹിതന്‍ ത്രൈമാസിക, മെയ് – ജൂലൈ, 1988)