പ്രഭാവവും ഭാരവും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

cropped-pmg3.jpg
നിങ്ങളെന്നെ യോഗ്യനെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഞാന്‍ ഈ സ്ഥാനത്തിന് അയോഗ്യനാണെന്ന് എനിക്കറിയാം. ദൈവവും അതറിയുന്നു. ദൈവത്തിനു മാത്രമേ എന്നെ യോഗ്യനായ ഒരു നല്ല ഇടയനാക്കിത്തീര്‍ക്കുവാന്‍ കഴിയൂ. എന്നെ ചെറിയ ആട്ടിന്‍കൂട്ടത്തിന്‍റെ കുറ്റമറ്റ മഹാപുരോഹിതനാക്കിത്തീര്‍ക്കുവാനും, അവരുടെ മധ്യത്തില്‍ ക്രിസ്തുസ്ഥാനീയനായി നിലകൊള്ളുന്ന, അവരെ സേവിക്കുന്ന, അവര്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന, പ്രാര്‍ത്ഥിക്കുന്ന, എന്‍റെ രക്ഷകന്‍ എനിക്കുവേണ്ടി ജീവന്‍വച്ചതുപോലെ അവര്‍ക്കായി എന്‍റെ ജീവനെ വയ്ക്കുന്ന, ഒരിടയനാക്കിത്തീര്‍ക്കുവാനും ദൈവത്തിനേ കഴിയൂ.

മഹാപുരോഹിതനായ അഹറോന്‍റെ അംശവസ്ത്രങ്ങള്‍ ദൈവം നിശ്ചയിച്ചവയായിരുന്നു. സുവര്‍ണ്ണനൂല്‍, നീലനൂല്‍, ചുവപ്പുനൂല്‍, ധൂമ്റനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടുള്ളതായിരുന്നു ആ വിശുദ്ധവസ്ത്രം (പുറ. 28:5). തിരുവെഴുത്തു പറയുന്നതുപോലെ ‘മഹത്വത്തിനും അലങ്കാരത്തിനും’ പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ട് എന്നിവയാണ് ദൈവം കല്പിച്ച വിശുദ്ധ വസ്ത്രങ്ങള്‍. എന്തിനാണീ മഹത്വവും അലങ്കാരവുമെല്ലാം? പാവപ്പെട്ട ജനങ്ങള്‍ വസിക്കുന്ന, ദാരിദ്ര്യവും, ലാളിത്യവും വിശുദ്ധിയുടെ പര്യായങ്ങളായി കാണുന്ന നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ് ഈ ചോദ്യം.

ക്രിസ്തുവിന്‍റെ സ്ഥാനത്താണ് മഹാപുരോഹിതന്‍ നില്‍ക്കുന്നത്. നമ്മുടെ മദ്ധ്യസ്ഥനായി ദൈവമുമ്പാകെ നിത്യമായി നില്‍ക്കുന്ന ഏക യഥാര്‍ത്ഥ മഹാപുരോഹിതനാണ് ക്രിസ്തു. ക്രിസ്തുവിന്‍റെ ആ മഹത്വത്തെയാണ് ഭൗമീകമഹാപുരോഹിതനായ മേല്പട്ടക്കാരന്‍ പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ബലിപീഠത്തിങ്കല്‍ എത്രയും മഹത്തരമായ വസ്ത്രാലങ്കാരത്തോടെ അദ്ദേഹം നില്‍ക്കണമെന്ന് നമ്മുടെ പാരമ്പര്യം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ ദേവാലയത്തിനു പുറത്ത് ഒരു സന്യാസിയുടെ ലളിതമായ വസ്ത്രധാരണമാണ് അദ്ദേഹത്തിനു വേണ്ടത്. ബലിപീഠത്തിങ്കല്‍ നില്‍ക്കുന്ന മഹാപുരോഹിതന്‍റെ ‘മഹത്വവും അലങ്കാരവും’, ദൈവസന്നിധിയില്‍ എല്ലാവര്‍ക്കുമായി മദ്ധ്യസ്ഥതയണയ്ക്കുന്ന ക്രിസ്തുവിന്‍റെ മഹത്വത്തിന്‍റെയും അലങ്കാരത്തിന്‍റെയും പ്രതിഫലനമാണ്.

പുറപ്പാട് പുസ്തകത്തില്‍ മഹാപുരോഹിതന്‍റെ വേഷവിധാനങ്ങളില്‍ പറയുന്ന പതക്കം, ഏഫോദ്, ഉറീം തുമ്മീം, കിരീടം എന്നിവയെപ്പറ്റിയാണ് എനിക്ക് ഇനിയും പറയുവാനുള്ളത്.
ഏഫോദ്, യഹൂദപുരോഹിതന്‍ ധരിക്കുന്ന ഒരു മേല്‍വസ്ത്രമാണ്. സ്വര്‍ണ്ണം, നീലനൂല്‍, ചുവപ്പുനൂല്‍, ധൂമ്റനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടാണ് ഇതുണ്ടാക്കുന്നത്. അത്തരമൊന്നും നമുക്കിന്നില്ല. നെഞ്ചിലെ പതക്കത്തിന് മുമ്പിലായി തോളിലൂടെ ഇത് കെട്ടിമുറുക്കുന്നു. ഏഫോദിന്‍റെ കെട്ടുകളില്‍ സ്വര്‍ണ്ണത്തില്‍ പതിച്ചിട്ടുള്ള രണ്ട് ഗോമേദക കല്ലുകള്‍, രണ്ടു തോളിലുമായി ഉണ്ടായിരിക്കും. ഓരോ കല്ലിലും ആറാറുവീതം പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകള്‍ ആ കല്ലുകളില്‍ കൊത്തിയിരുന്നു. നെഞ്ചിലെ പതക്കവും, ഏഫോദ് ഉണ്ടാക്കിയ വസ്തുക്കള്‍ തന്നെ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ്. സ്വര്‍ണ്ണം, നീലനൂല്‍, ചുവപ്പുനൂല്‍, ധൂമ്റനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ട് ഉണ്ടാക്കിയ സമചതുരാകൃതിയിലുള്ളതാണ് പതക്കം. അതില്‍ നാലുവരികളിലായി പന്ത്രണ്ടു കല്ലുകള്‍ പതിച്ചിരുന്നു. ഓരോ കല്ലിലും ഓരോ ഗോത്രത്തിന്‍റെ പേരുകള്‍ കൊത്തിയിരുന്നു.

ഇതാണ് മഹാപുരോഹിതന്‍റെ ചിത്രം. അദ്ദേഹം ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളുടെ പേരുകള്‍ തന്‍റെ ചുമലിലും, ഹൃദയത്തിലും വഹിച്ചിരുന്നു. ജനങ്ങളാണ് അദ്ദേഹത്തിന്‍റെ അഭിമാനവും, മഹത്വത്തിന്‍റെയും അലങ്കാരത്തിന്‍റെയും പ്രഭാവസ്ഥാനവും. ഒരിടയന്‍ കുഞ്ഞാടിനെ തോളില്‍ വഹിക്കുന്നതുപോലെ, അദ്ദേഹം അവരെ തന്‍റെ തോളില്‍ വഹിക്കുകയാണ്. അദ്ദേഹം അവരെ തന്‍റെ ഹൃദയത്തിലാണ് വഹിക്കുന്നത്, കാരണം അവരുടെ ക്ഷേമമാണ് അദ്ദേഹത്തിന്‍റെ ഏക ലക്ഷ്യം. ജനങ്ങളുടെ ക്ഷേമത്തെപ്പറ്റിയുള്ള ഉത്തരവാദിത്വം; ഹൃദയസ്പര്‍ശകവും, അനിര്‍ഗ്ഗളവുമായ മദ്ധ്യസ്ഥപ്രാര്‍ത്ഥന ഇവ രണ്ടുമാണ് ഒരു മഹാപുരോഹിതന്‍റെ മഹത്വവും അലങ്കാരവും. ജനങ്ങളുടെ ക്ഷേമത്തെപ്പറ്റിയുള്ള ഉത്തരവാദിത്വത്തെയാണ്, തോളിലെ രണ്ട് ഗോമേദകക്കല്ലുകള്‍ കുറിക്കുന്നത്. ആ ഉത്തരവാദിത്വമാണ് ജനങ്ങളെക്കുറിച്ച് ശ്രദ്ധാലുവായ, അവരെ പോഷിപ്പിക്കുന്ന, മേച്ചില്‍പ്പുറത്തേക്കും നീരുറവയിങ്കലേക്കും അവരെ നയിക്കുന്ന, ചെന്നായ്ക്കളില്‍നിന്ന് അവരെ രക്ഷിക്കുന്ന, ആട്ടിന്‍പറ്റത്തിന്‍റെ ശത്രുക്കളോട് അടരാടുന്ന, ജനങ്ങള്‍ക്കുവേണ്ടി ജീവന്‍ വയ്ക്കുവാന്‍പോലും തയ്യാറാകുന്ന ഒരു നല്ല ഇടയനാക്കി അദ്ദേഹത്തെ തീര്‍ക്കുന്നത്.
പ്രാര്‍ത്ഥന, മദ്ധ്യസ്ഥത, ദിവസേനയുള്ള ധൂപാര്‍പ്പണം, എല്ലാ ജനങ്ങളുടെയും ക്ഷേമൈശ്വര്യങ്ങള്‍ക്കും, ആത്മീയവളര്‍ച്ചയ്ക്കും വി. കുര്‍ബാനയര്‍പ്പണം ഇതാണ് യഥാര്‍ത്ഥ ഉത്തമ മഹാപുരോഹിതനായ ക്രിസ്തു ചെയ്യുന്നത്. ക്രിസ്തു തന്‍റെ ജനങ്ങളെ സ്വഹൃദയത്തില്‍ വഹിക്കുന്നതുപോലെ മഹാപുരോഹിതന്‍ തന്‍റെ ജനങ്ങളെ അമൂല്യരത്നങ്ങളായി ഹൃദയത്തില്‍ വഹിച്ചുകൊണ്ട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയാണ്.

നെഞ്ചിലെ പതക്കത്തിനടിയിലായി ഉറീം, തുമ്മീം എന്നറിയപ്പെടുന്ന രണ്ടു കല്ലുകളുണ്ട്. ഞാന്‍ അദ്ധ്യയനം നടത്തിയിട്ടുള്ള അമേരിക്കയിലെ യേല്‍ യൂണിവേഴ്സിറ്റിയുടെ മുദ്രാവാക്യം ഈ രണ്ടു ഏബ്രായ വാക്കുകളാണ്. ഉറീമും, തുമ്മീമും, അതായത് പ്രകാശവും, ധാര്‍മ്മികോന്നമനവും; അറിവും വിശ്വസ്തതയും, വിജ്ഞാനവും സ്വഭാവവൈശിഷ്ട്യവും. ഇവ രണ്ടും ഒരു നല്ല ഇടയന്‍റെ അത്യാവശ്യ യോഗ്യതകളാണ്. ഏഫോദിന്‍റെയും പതക്കത്തിന്‍റേയും മേന്മകളൊക്കെ, ധരിക്കുന്ന മനുഷ്യന്‍ സ്വഭാവവൈശിഷ്ട്യമില്ലാത്തവനാണെങ്കില്‍ വെറും കെട്ടുകഥയായിരിക്കും. തിന്മയെ ചെറുക്കുവാനും, നന്മയെ സധൈര്യം അനുധാവനം ചെയ്യുവാനും അദ്ദേഹം കഴിവുള്ളവനായിരിക്കണം. മാറിലെ പതക്കത്തിനിടയില്‍ ഊറിമും തുമ്മീമും ഇല്ലാത്ത മേല്‍പ്പട്ടക്കാരന്‍, പൗരോഹിത്യത്തിന് അപമാനമായിരിക്കും. മേല്‍പ്പട്ടക്കാരന്‍റെ ബാഹ്യമായ ആര്‍ഭാടങ്ങള്‍ക്ക് നീതീകരണം ലഭിക്കുന്നത് ആന്തരീക ജ്ഞാനത്തിലും, ജീവിതവിശുദ്ധിയിലും മാത്രമാണ്.

അഹറോനും ഒരു കിരീടമുണ്ടായിരുന്നു; അദ്ദേഹത്തിന്‍റെ ശിരോവസ്ത്രത്തിനു (മുടിക്ക്) ചുറ്റുമായി സ്വര്‍ണ്ണംകൊണ്ടുള്ള ഒരു പട്ടം. അതില്‍ ‘യഹോവയ്ക്ക് വിശുദ്ധം’ എന്ന് കൊത്തിയിരുന്നു (പുറ. 28:36). ‘യഹോവയ്ക്ക് വിശുദ്ധം’ എന്ന് കിരീടം വിളിച്ചുപറയുന്നതെന്തിനെക്കുറിച്ചാണെന്നോ, ഈ മഹാപുരോഹിതനെക്കുറിച്ചും, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനത്തെക്കുറിച്ചുമാണ്. ജനങ്ങള്‍ക്കുവേണ്ടി മഹാപുരോഹിതന്‍ കറപുരളാത്ത വിശുദ്ധിയുടെ ജീവിതമാണ് നയിക്കുന്നത്. സ്നേഹത്തില്‍, കരുണയില്‍, പ്രാര്‍ത്ഥനയില്‍, ജനങ്ങളെപ്പറ്റിയുള്ള കരുതലില്‍, ത്യാഗനിര്‍ഭരമായ ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും മഹാപുരോഹിതന്‍ സമര്‍പ്പിത ജീവിതത്തിന്‍റെ ഉത്തമ നിദര്‍ശനമായിരിക്കണം. തന്‍റെ ജനങ്ങള്‍ വിശുദ്ധിയില്‍ ജീവിക്കുന്നതുപോലെ അദ്ദേഹവും വിശുദ്ധിയില്‍ ജീവിക്കുന്നു. അതിനാല്‍ ഒരു പുരോഹിതന്‍റെ അത്യാവശ്യ യോഗ്യതകള്‍ താഴെ പറയുന്ന നാലു കാര്യങ്ങളാണ്.

1) പന്ത്രണ്ടു കല്ലുകളോടുകൂടിയ നെഞ്ചിലെ പതക്കം: ജനങ്ങളെ സ്നേഹിക്കുന്ന, അവരെ കരുതുന്ന, അവര്‍ക്കുവേണ്ടി മദ്ധ്യസ്ഥത യാചിക്കുന്ന ഒരു പൗരോഹിത്യശുശ്രൂഷയെയാണ് ഇതു കാണിക്കുന്നത്.

2) ഏഫോദിന്‍റെ ഗോമേദകകല്ലുകള്‍ പതിച്ചിട്ടുള്ള കെട്ടുകള്‍ (ചുമല്‍ക്കണ്ടങ്ങള്‍). ജനങ്ങളെക്കുറിച്ചുള്ള ഉത്തരവാദിത്വം, അവരെ തോളില്‍ വഹിക്കുവാനുള്ള കടപ്പാട്, ദൈവമുമ്പാകെ അവരെക്കുറിച്ച് ഉത്തരം നല്‍കേണ്ട കടമ ഇവയെയാണിത് കുറിക്കുന്നത്.

3) ഊറിമും തുമ്മീമും: വിജ്ഞാനത്തേയും സ്വഭാവവൈശിഷ്ട്യത്തെയും കുറിക്കുന്നു. നെഞ്ചിലെ പതക്കത്തിനടിയിലായി അവ മറയ്ക്കപ്പെട്ടിരിക്കുകയാണ്; എന്നാല്‍ മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ കേന്ദ്രമായി അവ നിലകൊള്ളുന്നു.

4) ‘യഹോവയ്ക്ക് വിശുദ്ധം’ എന്ന് വിളിച്ചുപറയുന്ന തലയിലെ പട്ടം. പ്രാര്‍ത്ഥനാനിരതവും കുറ്റരഹിതവുമായ ജീവിതത്തെ-വിശുദ്ധ ജീവിതത്തെ-ആകുന്നു ഇതു കാണിക്കുന്നത്.
അതിനാല്‍ ഒരു മേല്പ്പട്ടക്കാരന്‍റെ വെട്ടിത്തിളങ്ങുന്ന വേഷവിധാനങ്ങള്‍, അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്ന ഉന്നതമായ സ്വഭാവത്തിന്‍റെ പ്രതീകമാണ്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഉത്തരവാദിത്വത്തില്‍ നിന്നും എന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം ഇതാണ്. എപ്പിസ്ക്കോപ്പാ പദവി എനിക്ക് ആഗ്രഹിക്കാന്‍ കഴിയാത്തവിധം അത്രയ്ക്ക് ഉന്നതമായ ഒരു സ്ഥാനമാണെന്ന ചിന്തയാണെനിക്കുള്ളത്. ഈ സ്ഥാനത്തെക്കുറിച്ചും കര്‍ത്താവ് എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നുള്ളതിനെക്കുറിച്ചും എനിക്കു ഭയമുണ്ട്. ദൈവവിളിക്കു മുമ്പില്‍ ഭയത്തോടും വിറയലോടും കൂടെയാണ് ഞാന്‍ തലകുനിച്ചത്.

സ്വന്തം കഴിവുകളില്‍ ആശ്രയിച്ചുകൊണ്ട് യാതൊരുവനും ഈ പദവിയിലേക്ക് വരുവാന്‍ സാദ്ധ്യമല്ല. ദൈവത്തിന്‍റെ കരുണയിലും എന്‍റെ ജനത്തിന്‍റെ പ്രാര്‍ത്ഥനയിലും, ഇവ രണ്ടിലുമേ എനിക്ക് ആശ്രയിക്കാനാവൂ. ദൈവകൃപയില്ലെങ്കില്‍ ഞാനേതുമില്ല. ആ അളവറ്റ കൃപയിലും നിങ്ങളുടെ ഹൃദയംഗമമായ പ്രാര്‍ത്ഥനകളിലും സങ്കേതപ്പെട്ടുകൊണ്ട് ദൈവം എന്നെ ഇരുത്തിയിരിക്കുന്ന ഈ ദൈവീക സിംഹാസനത്തെ, ഞാന്‍ സ്വീകരിക്കുന്നു.
സ്വന്തം ജനത്തിന്‍റെ പൗരനേതാവും കൂടെയാണ് ഒരു മേല്പ്പട്ടക്കാരന്‍. ആ നിലയില്‍ അദ്ദേഹത്തിന്‍റെ കര്‍ത്തവ്യങ്ങളെപ്പറ്റിയും ഒരു വാക്കു പറഞ്ഞുകൊള്ളട്ടെ.

ഒരു മേല്പ്പട്ടക്കാരന് എല്ലാ അര്‍ത്ഥത്തിലും ഒരു സന്യാസിയായിരിപ്പാന്‍ കഴിയുന്നതല്ല. ലോകത്തില്‍ നിന്നും രാഷ്ട്രത്തില്‍ നിന്നും പൂര്‍ണ്ണമായും വേര്‍പെട്ടു ജീവിക്കുവാന്‍ അദ്ദേഹത്തിനു കഴിയുകയില്ല. എല്ലാ മനുഷ്യര്‍ക്കുംവേണ്ടിയുള്ള എന്‍റെ ലോകവ്യാപകമായ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് അടിച്ചമര്‍ത്തപ്പെടുന്നവരും, മര്‍ദ്ദിതരും, ചൂഷിതരും, ദരിദ്രരുമായ മനുഷ്യര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ദൈവം എനിക്ക് ശക്തിതരുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ക്കുവേണ്ടിയും അമേരിക്കന്‍ ഐക്യനാടുകളിലെ അമേരിക്കന്‍ ഇന്‍ഡ്യാക്കാര്‍ക്കുവേണ്ടിയും, ലാറ്റിന്‍ അമേരിക്കയിലും, ഏഷ്യന്‍ ആഫ്രിക്കയിലുമുള്ള ദരിദ്രവിഭാഗത്തിനുവേണ്ടിയും ഉള്ള എന്‍റെ എളിയ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ തുടരുന്നതാണ്. ഈ രാജ്യത്തിലെ പാവപ്പെട്ടവരും ചൂഷിതരുമായ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു. അവരുടെ ക്ഷേമം എന്‍റെ രാജ്യത്തിന്‍റെ ക്ഷേമമായി ഞാന്‍ കാണുന്നു. ദരിദ്രര്‍ക്കും മര്‍ദ്ദിതര്‍ക്കും നീതി കിട്ടുവാന്‍ വേണ്ടി ഞാന്‍ ഉദ്യുക്തനായിരിക്കുന്നു. അതിനാല്‍ മനുഷ്യര്‍ക്ക് ദൈനംദിന ആവശ്യത്തിനുള്ള ഉല്പാദിതവസ്തുക്കള്‍ അനായാസേന ലഭിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതിക്കുവേണ്ടി ഞാന്‍ നിലകൊള്ളുന്നു. ആ വസ്തുക്കള്‍ സമൂഹത്തിലെ അപൂര്‍വം ചിലരാലോ ഗവര്‍മെന്‍റിനാല്‍ മാത്രമോ നിയന്ത്രിക്കപ്പെടേണ്ടതല്ല. വിദേശശക്തികളുടെ ഇടപെടലുകളില്‍ നിന്നും സ്വതന്ത്രമായ; ജനങ്ങളെ ബാധിക്കുന്ന സുപ്രധാന നിയമങ്ങളുടെ നിര്‍മ്മാണത്തില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തം ലഭിക്കുന്ന; കള്ളക്കടത്തുകാര്‍, കരിഞ്ചന്തക്കാര്‍, കോഴ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍, അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവര്‍ തുടങ്ങിയ സാമൂഹ്യ വിരുദ്ധന്മാരെ ജനങ്ങള്‍ തന്നെ ശിക്ഷിക്കുന്ന ഒരു രാഷ്ട്രത്തിനുവേണ്ടി ഞാന്‍ നിലകൊള്ളുന്നു.

നമ്മുടെ രാഷ്ട്രത്തിന്‍റെ തലസ്ഥാനത്തുള്ള ഈ സിംഹാസനത്തിന്‍റെ ചുമതല സ്വീകരിക്കുന്നത് ഒരു രാഷ്ട്രസേവനം കൂടെയാണ് എന്ന നിലയില്‍ രാഷ്ട്രത്തോടു തന്നെയുള്ള ഒരു വലിയ ചുമതലയുടെ സ്വീകരണമായി ഞാന്‍ ഇതിനെ കണക്കാക്കുന്നു. ജനങ്ങളുടെ ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ എപ്പോഴും ഒരുക്കമായിരിക്കും. രാഷ്ട്രത്തോടു നീതിയെയും സമാധാനത്തെയും കുറിച്ച് പ്രസംഗിക്കുവാന്‍ ഞാന്‍ ശ്രമിക്കും. ഇന്നാട്ടിലെ ജനക്ഷേമത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും എന്‍റേതായ സേവനം നല്‍കാന്‍ ഞാന്‍ തയ്യാറാണെന്ന് എന്‍റെ ജനത്തിന്‍റെ നേതാക്കന്മാരോട് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.
റോമന്‍കത്തോലിക്കാ, പ്രോട്ടസ്റ്റന്‍റ്, ഓര്‍ത്തഡോക്സ് സഭകളുടെ വിശാലമായ ക്രിസ്തീയ കൂട്ടായ്മക്കുവേണ്ടി എന്‍റേതായ പങ്കു വഹിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ക്രിസ്തീയ സഭകളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സേവനത്തിന്‍റെ സന്തോഷകരമായ ഭാരം വഹിക്കുന്നതില്‍ പങ്കുകൊള്ളാന്‍ ഞാന്‍ ഒരുക്കമാണ്. ഒരു ഉപദേശകനെന്ന നിലയില്‍ എന്‍റെ പരിമിതമായ കഴിവുകള്‍ ഈ തലസ്ഥാനനഗരിയിലെ ക്രൈസ്തവര്‍ക്കും, മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുത്തുവാന്‍ കഴിയുമെന്നും ഞാന്‍ ആശിക്കുന്നു.

ഈ നഗരത്തിലും ഈ രാജ്യത്തിലുമുള്ള ബുദ്ധിജീവികളോടൊത്ത് പ്രവര്‍ത്തിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. ദേശീയപദ്ധതികളുടെ ആസൂത്രണത്തില്‍ മാത്രമല്ല, ദേശീയ താല്പര്യങ്ങളുടെ പുനഃചിന്തനത്തിലും, പുതിയ ദേശീയ നയങ്ങളുടെ ആവിഷ്ക്കരണത്തിനും എനിക്ക് താല്പര്യമുണ്ട്. സംഗീതം, ശില്പവിദ്യ, വാസ്തുശില്പവേല മുതലായ കലകളുടെ ആസ്വാദനത്തില്‍ ഞാന്‍ തല്പരനാണ്. ഈ നഗരത്തിലെ സാംസ്ക്കാരിക ജീവിതത്തില്‍ പങ്കാളിയാകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഈ തലസ്ഥാന നഗരിയില്‍ മുഴുവന്‍ സമയവും താമസിച്ചുകൊണ്ട് എന്‍റെ ഈ താല്പര്യങ്ങളോട് നീതി പുലര്‍ത്തുവാന്‍ കഴിഞ്ഞെങ്കില്‍ എന്നാശിക്കുകയാണ്. എന്‍റെ സഭയുടെ വേദശാസ്ത്രവിദ്യാഭ്യാസത്തിലും, സഭയുടെ ബാഹ്യകാര്യങ്ങളിലും എനിക്കുള്ള ചുമതലകള്‍ തുടരേണ്ടതുകൊണ്ട് എന്‍റെ സമയത്തിന്‍റെ ഏറിയപങ്കും, സഭയുടെ ആസ്ഥാനമായ കോട്ടയത്ത് ചെലവിടേണ്ടിവരും. കാലക്രമേണ തലസ്ഥാനനഗരിയില്‍ കൂടുതല്‍ സമയം താമസിക്കുവാനും, ഇവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാനും സാധിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

(ഡല്‍ഹി ഭദ്രാസന ഇടവകയുടെ ഭരണം ഏറ്റെടുത്തുകൊണ്ട് ചെയ്ത നയപ്രഖ്യാപന പ്രസംഗം. 1976 ജൂലൈ 11, സഫ്ദര്‍ജങ്ങ് സെന്‍റ് മേരീസ് പള്ളി, ന്യൂഡല്‍ഹി)

The Glory and The Burden / Dr. Paulos Mar Gregorios